അബുദാബിയില്‍ ഇനി സ്വയം ഇന്ധനം നിറയ്ക്കാം

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) സേവന സ്റ്റേഷനുകളില്‍ ഫ്ളെക്സ് സംവിധാനത്തിലൂടെ ഇന്ധനം നല്‍കാന്‍ പദ്ധതി. പ്രീമിയം, സെല്‍ഫ്, മൈ സ്റ്റേഷന്‍ എന്നീ സര്‍വീസ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കാനാണ് അഡ്നോക് ഫ്ളെക്സ് രീതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചെറിയ ഫീസ് ഈടാക്കി പ്രീമിയം സേവനം ഉറപ്പാക്കും. സ്വന്തം വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണു രണ്ടാമത്തേത്. ഉപഭോക്താക്കള്‍ക്കു മെച്ചം ഈ രീതിയാണ്. മൂന്നാമത്തെ മൈ സ്റ്റേഷന്‍ രീതി പെട്രോളും പാചകവാതകവും നേരിട്ട് ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നതാണ്.

ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുതിയ ഫ്ളെക്സ് സേവനരീതിയിലൂടെ ഉപഭോക്തൃ സേവനം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍. സേവനങ്ങള്‍ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കു സേവന സ്റ്റേഷനുകളിലെ ജീവനക്കാര്‍ മറുപടി നല്‍കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ അബുദാബി റീട്ടെയില്‍ സെയില്‍സ് വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ സാലെം അല്‍ ജെനൈബി അറിയിച്ചു.

നിലവില്‍ വാഹനത്തില്‍ സര്‍വീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍തന്നെയാണ് ഇന്ധനം നിറയ്ക്കുന്നതും പണം ഈടാക്കുന്നതും. ഈ രീതി പ്രീമിയം സേവനത്തിനു മാത്രമാവുകയും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും. സര്‍വീസ് ചാര്‍ജില്ലാതെ ഇന്ധനം നിറയ്ക്കണമെന്നുള്ള ഉപഭോക്താക്കള്‍ സെല്‍ഫ് സര്‍വീസ് മെഷീനിനു സമീപം വാഹനം നിര്‍ത്തി സ്വയം ഇന്ധനം നിറയ്ക്കുകയും പണം നല്‍കുകയും വേണം.