News

ചെന്നൈയുടെ വടക്കന്‍ പ്രദേശത്തേക്കുള്ള മെട്രോ സര്‍വീസ് ജൂലൈയില്‍

വടക്കന്‍ ചെന്നൈയിലേക്കുള്ള മെട്രോ റെയില്‍ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍. മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിംകോ നഗര്‍ വരെയുള്ള പാതയിലെ സ്റ്റേഷനുകളായ വാഷര്‍മാന്‍പേട്ട്, ത്യാഗരാജ കോളജ്, കുര്‍ക്കുപേട്ട് എന്നീ സ്റ്റേഷനുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ചെന്നൈ മെട്രോ റെയില്‍ ക്ഷണിച്ചു.

ഭൂഗര്‍ഭ സ്റ്റേഷനുകളിലെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. വായു സഞ്ചാരത്തിനുള്ള എയര്‍ കണ്ടീഷനിങ് സിസ്റ്റം, ടണല്‍ വെന്റിലേഷന്‍ സിസ്റ്റം എന്നിവ ഉടന്‍ തന്നെ ഇവിടെ സ്ഥാപിക്കും.

തുടക്കത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയായ ഭൂഗര്‍ഭ സ്റ്റേഷനുകളെ അപേക്ഷിച്ചു നിര്‍മാണ ചെലവ് 25 ശതമാനം വരെ കുറയ്ക്കാന്‍ വടക്കന്‍ ചെന്നൈയിലേക്കുള്ള റൂട്ടില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ചീട്ടിടവും കാര്‍ഡ് റീചാര്‍ജിനുള്ള കിയോസ്‌കും ഉള്‍പ്പെടുന്ന സ്ഥലം മാറ്റി ക്രമീകരിച്ചാണ് നിര്‍മാണ ചെലവ് പുതിയ ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ കുറച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നീളം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മാണങ്ങളില്‍ മാറ്റമൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷര്‍മാന്‍പേട്ടിനും കുര്‍ക്കുപേട്ടിനും ഇടയിലുള്ള ടണലുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. ലക്ഷ്യമിട്ടതിനും മൂന്നു മാസം മുന്‍പു ടണലുകളുടെ നിര്‍മാണം കഴിഞ്ഞിരുന്നു. ഇതിനു ശേഷം ട്രാക്ക് ഇടുന്ന ജോലികള്‍ ഉള്‍പ്പെടെ നേരത്തെ പൂര്‍ത്തിയാക്കാനും മെട്രോ റെയിലിന് സാധിച്ചു.