ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും
കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു.
ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും അനുശോചനം രേഖപ്പെടുത്തി.
അതേസമയം ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണ്.
മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവൻ പൊലീസ് പരിശോധിച്ചു.
സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്.
മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റുപോകാൻ കാരണം. ഒരു പാദവും വേർപെട്ട നിലയിലാണ് കണ്ടത്തിയത്. രണ്ട് ആന്തരിക അവയവ ഭാഗങ്ങൾ പരിശോധനക്കായി കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു