ദുബൈ വിമാനത്താവളത്തില്‍ മൂന്ന് പുതിയ പാലങ്ങള്‍ തുറക്കും
ദുബായ് രാജ്യാന്തര വിമാനത്താവള മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്നു പാലങ്ങള്‍കൂടി യാത്രയ്ക്കായി തുറക്കും. എയര്‍പോര്‍ട് സ്ട്രീറ്റ് – നാദ് അല്‍ ഹമര്‍ ഇന്റര്‍ചെയ്ഞ്ച്, മാറക്കെച്ച് എയര്‍പോര്‍ട് സ്ട്രീറ്റ് ജംക്ഷന്‍ എന്നിവിടങ്ങളിലാണു പുതിയ പാലങ്ങള്‍.
നാലു ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എയര്‍പോര്‍ട് സ്ട്രീറ്റ് നവീകരണ പദ്ധതിയിലുള്ളത്. ഇതില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമുള്ള പാലം കഴിഞ്ഞ മാസം തുറന്നിരുന്നു. നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട് സ്ട്രീറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന രീതിയിലാണു പുതിയ പാലങ്ങളുടെ നിര്‍മാണം.
ഇതോടെ നാദ് അല്‍ ഹമര്‍ ഭാഗത്തുനിന്നു വരുന്നവര്‍ക്കു സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലെത്താനാകും. മാറക്കെച്ച് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ജംക്ഷനില്‍ നിന്നു ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാതെതന്നെ വിമാത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലേക്ക് എത്താവുന്ന തരത്തിലാണു രണ്ടാമത്തെ പാലം തുറന്നിരിക്കുന്നത്.
മാറക്കെച്ച് സ്ട്രീറ്റില്‍നിന്നു ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട് മേഖലയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്നതാണു മൂന്നാമത്തെ പാലം. മാറക്കെച്ച് സ്ട്രീറ്റില്‍ ട്രാഫിക് സിഗ്‌നലിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് എയര്‍പോര്‍ട് സ്ട്രീറ്റില്‍ ഇരുവശത്തേക്കും മൂന്നു ട്രാക്കുകള്‍ വീതമുള്ള പാലങ്ങളും നവീകരണ പദ്ധതിയുടെ ഭാഗമാണ്.
എയര്‍പോര്‍ട് സ്ട്രീറ്റില്‍നിന്നു മാറക്കെച്ച് സ്ട്രീറ്റിലേക്കു പ്രവേശിക്കുന്നതിനുള്ള രണ്ടുവരി അടിപ്പാതയുടെ നിര്‍മാണം ജൂലൈമാസത്തോടെ പൂര്‍ത്തിയാക്കും. നാലു ജംക്ഷനുകളിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതോടെ എയര്‍പോര്‍ട് സ്ട്രീറ്റിലൂടെ ഒരുമണിക്കൂറില്‍ അയ്യായിരം വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സാധിക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2020ല്‍ 9.2 കോടി യാത്രക്കാരെന്ന ദുബായ് വിമാനത്താവളത്തിന്റെ ലക്ഷ്യം കൈവരിക്കാനും പുതിയ ഗതാഗതപരിഷ്‌കാരം സഹായിക്കുമെന്നാണു വിലയിരുത്തല്‍.
കാസബ്ലാങ്ക സ്ട്രീറ്റും എയര്‍പോര്‍ട് റോഡും ചേരുന്ന ജംക്ഷനിലും നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിമാനത്താവളത്തില്‍നിന്ന് എളുപ്പത്തില്‍ കാസബ്ലാങ്ക സ്ട്രീറ്റിലേക്കു പ്രവേശിക്കാവുന്ന പാലമാണ് ഇതില്‍ പ്രധാനം.
ഇതുവഴി വിമാനത്താവളത്തില്‍നിന്നു വരുന്നവര്‍ക്കു കാസബ്ലാങ്ക ജംക്ഷനിലെ ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാതെതന്നെ കാസബ്ലാങ്ക സ്ട്രീറ്റിലേക്കു പ്രവേശിക്കാനാകും. ഇതിനു പുറമേ ഗെരൂദ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കു നേരിട്ട് ഒന്നാം ടെര്‍മിനലിലേക്കും മൂന്നാം ടെര്‍മിനലിലേക്കും നേരിട്ടു പ്രവേശിക്കാവുന്ന സമാന്തര റോഡും പദ്ധതിയുടെ ഭാഗമാണ്. കാസബ്ലാങ്ക സ്ട്രീറ്റില്‍ തിരക്കു കുറയ്ക്കുന്നതിനു ലൈനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും.