News

തിരുവനന്തപുരത്ത് കണ്ട അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് സംശയം

തിരുവല്ലം പനത്തുറ ചേലന്തിക്കരയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പ്പെട്ട നിലയില്‍ കണ്ട തിരിച്ചറിയാത്ത മൃതദേഹം കാണാതായ വിദേശവനിതയുടേതാണോ എന്ന സംശയത്തില്‍ പൊലീസ്. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേത് തന്നെയാണെന്ന് സഹോദരി സ്ഥിരീകരിച്ചെങ്കിലും ഒപ്പമുള്ള ജാക്കറ്റും ഷൂസും അവരുടേതല്ലെന്ന് സഹോദരി ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പൊലീസിനെ ഇപ്പോള്‍ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.

ഏതാണ്ട് ഒരുമാസം പഴക്കമുള്ള മൃതദേഹമാണ് ഇപ്പോള്‍ കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. തലവേര്‍പെട്ട് കിടക്കുന്നതിനാല്‍ കൊലപാതകമായിരിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ലിഗയെ കാണാതായതിനാല്‍ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും ലിത്വാനയിലേക്ക് മടങ്ങാതെ ഇവിടെതന്നെ തുടരുകയായിരുന്നു. കണ്ടല്‍ക്കാട്ടില്‍ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതാണ് ബന്ധുക്കള്‍. അപ്പോഴാണ് ലിഗയുടെ വസ്ത്രം തിരിച്ചറിഞ്ഞതും ജാക്കറ്റും ഷൂസും മറ്റാരുടെയോ ആണെന്ന് പൊലീസിനോട് പറഞ്ഞതും.

മൃതദേഹം ലിഗയുടേത് തന്നെയാണോ എന്ന സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നുണ്ട്. കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം തുടങ്ങിയവ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 14 മുതലാണ് ലിഗയെ തിരുവനന്തപുരത്ത്നിന്നും കാണാതായത്. അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതപുരി ആശ്രമത്തില്‍ താമസിക്കാനായാണ് കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാനാവാതെ വന്നതോടെയാണ് വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലേക്കും ഇവര്‍ എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലിഗയെ കാണാതാവുന്നത്.

പൊലീസിന്റെ അന്വേഷണത്തില്‍ പോത്തന്‍കോടുനിന്ന് യുവതി ഓട്ടോയില്‍ കയറിപ്പോയതായി കണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. യുവതി കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി ബീച്ചിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോവളത്തെ ബീച്ചിലും പരിസരത്തും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ മുമ്പ് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.