ആർക്കോണത്ത് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചു
ആർക്കോണം യാർഡിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേയ് ആറുവരെയാണു നിർമാണ ജോലികൾ നടക്കുക. മേയ് ഒന്നുവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആർക്കോണം വഴിയുള്ള ട്രെയിനുകൾ അരമണിക്കൂർ വരെ വൈകും. മേയ് രണ്ടു മുതൽ ആറുവരെ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആർക്കോണം സ്റ്റേഷനിലെ രണ്ടു ലൈനുകൾ മാത്രമേ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുള്ളു.
സിഗ്നൽ സംവിധാനം പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആർക്കോണത്തുനിന്നു പുറപ്പെടുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കും. എന്നാൽ യാത്രക്കാരുടെ സൗകര്യാർഥം ആർക്കോണം– തിരുത്തണി റൂട്ടിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ ഓടിക്കും. ഇതേ ദിവസങ്ങളിൽ ഗുണ്ടൂർ–ചെന്നൈ/പെരമ്പൂർ–ആർക്കോണം–ജോലാർപേട്ട റൂട്ടിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഗുണ്ടൂർ–റെനിഗുണ്ട–തിരുത്തണി–മേൽപാക്കം–ജോലാർപേട്ട വഴി തിരിച്ചുവിടും.
തിരുത്തണി, കട്പാടി, ഗുണ്ടൂർ, ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മൂർ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക റെയിൽവേ ജീവനക്കാരെ നിയമിക്കും. റെയിൽവേയുടെ ഫെയ്സ്ബുക്ക് പേജിലും, ട്വിറ്റർ അക്കൗണ്ടിലും സർവീസുകളുടെ തൽസമയ വിവരങ്ങൾ ലഭിക്കും. ഇതു കൂടാതെ 138, 139 എന്നീ ഹെൽപ് ലൈൻ നമ്പരുകളിൽ 24 മണിക്കൂറും വിവരങ്ങൾ ലഭിക്കും.
റദ്ദാക്കിയ ട്രെയിനുകൾ
- ചെന്നൈ സെൻട്രൽ–തിരുപ്പതി എക്സ്പ്രസ് (16053) 21, 22, 23, 24, 28, 29, 30 തിയതികളിൽ സർവീസ് നടത്തില്ല.
- ചെന്നൈ സെൻട്രൽ–മൈസൂരു ശതാബ്ദി എക്സ്പ്രസ് (12007).
- കോയമ്പത്തൂരിൽ നിന്ന് മേയ് ആറിനുപുറപ്പെടുന്ന കോയമ്പത്തൂർ–ചെന്നൈ സെൻട്രൽ ചേരൻ എക്സ്പ്രസ് (12674).
- ചെന്നൈ സെൻട്രൽ–കോയമ്പത്തൂർ കോവൈ എക്സ്പ്രസ് (12675).
- ചെന്നൈ സെൻട്രൽ–തിരുപ്പതി സപ്തഗിരിഎക്സ്പ്രസ് (16057).
- തിരുപ്പതി–ചെന്നൈ സെൻട്രൽ എക്സ്പ്രസ് (16054).
- ചെന്നൈ സെൻട്രൽ–ജോലാർപേട്ട യേലഗിരി എക്സ്പ്രസ് (16089)