News

നീലകുറിഞ്ഞിയെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും മറയൂരും ഒരുങ്ങി. ആദ്യഘട്ടമെന്നനിലയില്‍ രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ടിക്കറ്റ് കൗണ്ടറിനുസമീപം വിശ്രമകേന്ദ്രത്തിന്‍റെ പണികള്‍ പൂര്‍ത്തിയായി.

450 പേര്‍ക്ക് ഇരിക്കാവുന്നവിധത്തില്‍ 30 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നാലു ബയോ ടൊയ്ലെറ്റുകള്‍, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി, മറയൂര്‍, എന്നിവടങ്ങളില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. ദിവസേന 4000 പേര്‍ക്ക് രാജമല സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകും.

75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും. ബാക്കി 25 ശതമാനമാണ് നാലു കൗണ്ടറുകള്‍ വഴി നല്‍കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്‌ മെയ് അവസാനം ആരംഭിക്കും. രാവിലെ 7.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് സന്ദര്‍ശകസമയം. ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിന് 150 രൂപയും നേരിട്ട് ടിക്കറ്റ് ലഭിക്കുന്നതിനും 110 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്കുള്ള നിരക്ക് സംബന്ധിച്ച് തീരുമാനമായില്ല.