പറയാന്‍, കേള്‍ക്കാന്‍, കാണാന്‍ മാനവീയം തെരുവൊരുങ്ങുന്നു

തിരുവനന്തപുരത്തിന്റെ തിരക്കേറിയ നഗര വീഥിയില്‍ കലയ്ക്കായ് ഒരിടം മാനവീയം സാംസ്‌കാരിക ഇടനാഴി. എഴുത്തും, വായനയും, വരയും ഒരിമിക്കുന്ന തെരുവിന് 17 വയസ് തികയുന്ന വേളയില്‍ ഏപ്രില്‍ 22ന് മാനവീയം വീഥിയില്‍ വൈകുന്നേരം 4.30 മുതല്‍ പാതിരാവോളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു.

മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തുന്ന മണ്‍ചിരാതുകളുടെ പശ്ചാത്തലത്തില്‍, കൂട്ടമായി ചിത്രം വരക്കുകയും, പാട്ടുകള്‍ പാടുകയും ചെയ്യും. അതോടൊപ്പം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകവും, ലോകത്തെ മറ്റുപല ഭാഗങ്ങളില്‍ നിന്നുള്ള പ്രതിരോധ ഗാനങ്ങളുടെയും ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനവും സ്ലൈഡ് പ്രദര്‍ശനവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും


‘കാണുക, കേള്‍ക്കുക, പറയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നമ്മുടെ സ്വാതന്ത്ര്യവും സമാധാനപരമായ ജീവിതവും, സങ്കുചിതചിന്തകള്‍ക്ക് അതീതമായ പാരമ്പര്യവും, സ്‌നേഹവും നിലനിര്‍ത്തപ്പെടുകതന്നെ ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സാംസ്‌കാരിക പരിപാടിയാണ് തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ അരങ്ങേറുന്നത്.സമാധാനപരമായ സഹവര്‍ത്തിത്വം മുന്നോട്ടുവെക്കുന്ന ഈ കൂട്ടായ്മയില്‍ എത്തിച്ചേരുന്ന എല്ലാവരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിക്കും.

മാനവീയം തെരുവോരക്കൂട്ടത്തിന്റെ മുന്‍കൈയ്യാല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സ്ത്രീ കൂട്ടായ്മ, ഇടം, ട്രീവോക്,ഇക്കോ സൊല്യൂഷന്‍, ചില്ല, ഹ്യൂമന്‍സ്, കെയേഴ്‌സ് ടൂ അതേഴ്‌സ് എന്നീ സംഘടനകളും കലാസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും പങ്കെടുക്കും.