താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു
ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ് മൂന്നുവശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്.
വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹിൽ സ്റ്റേഷൻ ഭാഗത്താണ് ഈ ട്രെയിൻ ഓടിക്കുന്നത്.
ചെങ്കോട്ട പിന്നിടുമ്പോൾ പശ്ചിമഘട്ടം മലനിരകളുടെ 20 കിലോമീറ്ററോളം ദൂരംവരുന്ന ദൂരക്കാഴ്ച കാണാം. ഭഗവതിപുരം സ്റ്റേഷൻ പിന്നിടുമ്പോൾ മലമടക്കുകളിലെ പച്ചപ്പിനെ തൊട്ടുരുമ്മിയുള്ള യാത്ര. തുടർന്ന് ഒരു കിലോമീറ്ററോളം ദൂരംവരുന്ന കൂറ്റൻ തുരങ്കം. ഒരുവശം തമിഴ്‌നാടും മറുവശം കേരളവും. തുരങ്കം കഴിഞ്ഞാല്‍ പാണ്ഡ്യൻപാറ മുട്ടകുന്നുകളും കടമാൻപാറ ചന്ദനത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും പതിമൂന്നുകണ്ണറ പാലവും കഴുതുരുട്ടി ആറിന്‍റെ ദൂരക്കാഴ്ചയും ഒറ്റക്കൽ ഭാഗം പിന്നിട്ടാൽ പാണ്ഡവൻപാറയുടെയും കുരിശുമലയുടെയും ദൂരക്കാഴ്ചയും കാണാം.
ആനപെട്ടകോങ്കൽ ഭാഗം വരെയുള്ള ഉയർന്ന ഭാഗത്തുകൂടിയുള്ള സഞ്ചാരത്തിൽ നാലു കിലോമീറ്റർ അകലെയുള്ള എണ്ണപ്പനത്തോട്ടങ്ങളുടെയും വിളക്കുപാറയും കാണാം. ട്രെയിനിന്‍റെ വേഗത 30 കിലോമീറ്ററായതിനാൽ എല്ലാ കാഴ്ചകളും ആസ്വദിച്ച് യാത്രച്ചെയ്യാം.