പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം.

പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്.

കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ കഴിയു. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ നല്ല ശ്രദ്ധയും വേണം. മണ്‍പടവുകള്‍ കയറി മുകളിലെത്തിയാല്‍ പാക്കം കോട്ട കാഴ്ചകള്‍ തെളിയുകയായി. അഞ്ചു തറകള്‍ക്ക് മീതെ അഞ്ച് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ കോട്ടയില്‍ നിന്നാണ് വയനാടെന്ന ഗോത്രദേശത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. കോട്ടയം രാജവംശം പഴശ്ശിരാജാവിന്‍റെ നേതൃത്വത്തില്‍ ഇവിടേക്ക് വരുന്നതിന് മുമ്പു വരെ ശക്തിയാര്‍ജ്ജിച്ചു നിന്നതാണ് കുറുമ വേടരാജവംശം. കുറുമരെ പഴശ്ശി സൈന്യം പടയാളികളാക്കിയതോടെ കോട്ടയും പരിസരവും പഴശ്ശിപോരാട്ടത്തിന്‍റെ ഭാഗമായി.

പാക്കം കേണി

വരള്‍ച്ചയിലും പാക്കം കേണി പുതിയ കാലത്തിനായി തെളിനീര് ചുരത്തുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിക്കഴുയുന്ന ആദിവാസികള്‍ ഒരു ജലശ്രേണിയെ നൂറ്റാണ്ടുകളായി പരിരക്ഷിക്കുന്ന കഥയാണ് പാക്കത്തിന് പറയാനുള്ളത്. കാടിനുള്ളിലെ അരയ്‌ക്കൊപ്പം മാത്രം താഴ്ചയുള്ള ഈ കേണിയാണ്‌ തലമുറകളായി പാക്കം ഗ്രാമത്തി ദാഹമകറ്റുന്നത്. വലിയ പ്ലാവിന്‍റെ തടി തുരന്നുണ്ടാക്കിയ കുറ്റിയിലാണ് ജലം നിറഞ്ഞു തുളുമ്പുന്നത്. വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ക്കിപ്പുറവും ഈ പ്ലാവിന്‍കുറ്റിയും കേണിയും പാക്കത്തിന്‍റെ ചരിത്രത്തിലും അനുഭവത്തിലുമുണ്ട്.

പാക്കം സ്രാമ്പി

കാടിന്‍റെ അകത്ത് ബ്രിട്ടീഷ് വനപാലകര്‍ക്കായുള്ള പാര്‍പ്പിടം. ഇതാണ് പാക്കത്തുള്ള സ്രാമ്പി. വന്യജീവികളെയും അതോടൊപ്പം കൊടും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന പൂര്‍ണ്ണമായും തേക്ക് മരത്തിലുള്ള നിര്‍മിതി. കോളനി ഭരണകാലത്തെ മരനിര്‍മിതിയിലെ വിസ്മയമാണ് സ്രാമ്പി കാലത്തോട് പറയുന്നത്. ഏതു കൊടും കാറ്റിനെയും ചെറുത്തുനില്‍ക്കാനുള്ള കരുത്തും മരത്തിന്‍റെ പലകകള്‍ നിരത്തി രണ്ടുതട്ടില്‍ നിര്‍മിച്ച സ്രാമ്പിക്കുണ്ട്.

ഉയര്‍ന്ന മേല്‍ക്കൂരയില്‍ ഓടുവിരിച്ച് അനവധി തേക്ക് കാലുകളാണ് സ്രാമ്പിയെ താങ്ങിനിര്‍ത്തിയിരുന്നത്. ഒന്നാം നിലയിലാണ് സുരക്ഷിതമായുള്ള താമസ സൗകര്യമുണ്ടായിരുന്നത്. അടുക്കളയും കുളിമുറിയും വരെ ഇതിനകത്തുണ്ട്. വിദേശ എന്‍ജിനീയര്‍മാരുടെ നിര്‍മാണ വൈദഗ്ധ്യത്തിന്‍റെ ഒന്നാന്തരം അടയാളമായിരുന്നു സ്രാമ്പി.