Aviation

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി വിമാന കമ്പനികള്‍

നിങ്ങളുടെ ഫ്ളൈറ്റ് വൈകുകയൊ, കാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഇനി മുതല്‍ അക്ഷമരാകേണ്ട, പകരം സന്തോഷിക്കാം. വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയോ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തില്‍ ബോര്‍ഡിങ് നിഷേധിച്ചാല്‍ നഷ്ടപരിഹാരമായി 5000 യാത്രക്കാരന് നല്‍കണം. കരട് ചാര്‍ട്ടര്‍ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫ്‌ലൈറ്റ് ക്യാന്‍സലേഷന്‍, താമസം എന്നീ കാരണങ്ങളാല്‍ കണക്ഷന്‍ ഫ്‌ലൈറ്റ് കിട്ടാതെ പോയാല്‍ 20,000 രൂപ വിമാന കമ്പനി നല്‍കും. അടുത്ത കാലത്തായി ബോര്‍ഡിങ് നിഷേധിക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിങ് നിഷേധിക്കപെട്ടാല്‍ 5000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.

എയര്‍ലൈനുകളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷം ചാര്‍ട്ടര്‍ നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായമാകുന്ന വ്യക്തമായ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലില്ല.