Special

സഞ്ചരിക്കുന്ന രക്ത മനുഷ്യന്‍: കിരണ്‍ വര്‍മ

രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്‍റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന്‍ കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര ജീവിതാഭിലാഷം കൂടിയാണ്. രക്തദാനത്തിന്‍റെ മഹത്വവും പ്രധാന്യവും ആളുകളിലേയ്ക്ക് എത്തിക്കാന്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് വരെ ഉണ്ടാക്കി. 6500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കേരളത്തില്‍ എത്തിയ കിരണ്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു.

കിരണിന്‍റെ ഏഴാംമത്തെ വയസ്സില്‍ രക്താര്‍ബുദം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. അതിനു പ്രധാന കാരണം കൃത്യസമയത്ത് രക്തം ലഭിക്കാത്തതായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുഞ്ഞു കിരണിനു മനസ്സിലായി രക്തത്തിനു ജീവിതത്തിലുള്ള പ്രാധാന്യത്തെകുറിച്ച്. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. അധ്യാപകനു വേണ്ടി.

പിന്നീട് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിലുള്ള അര്‍ബുദ രോഗിയ്ക്കു വേണ്ടി രക്തം നല്‍കി. തുടര്‍ച്ചയായി ആളുകള്‍ രക്തത്തിനു വേണ്ടി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ 2016ല്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് തുടങ്ങി. പിന്നീട് ഇങ്ങോട്ട് 40 തവണ രോഗികള്‍ക്കു വേണ്ടി രക്തം നല്‍കി. ഇന്ന് 11 രാജ്യങ്ങളിലായി 2000 രക്ത ദാതാക്കള്‍ ഈ ആപ്പ് കൂട്ടായ്മയിലുണ്ട്.

സിംപിളി ബ്ലഡ്‌ പ്രചാരണം

ജനുവരി 26ന് ശ്രീനഗറില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജമ്മുകാശ്മീര്‍, പഞ്ചാബ്, ചണ്ഡീഗഢ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി 600,000 ആളുകളോട് കിരണ്‍ രക്തദാനത്തെ കുറിച്ച് സംസാരിച്ചുകഴിഞ്ഞു. പ്രധാനമായും കോളേജുകള്‍, സ്കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിംഗ്‌ മാളുകള്‍, ഭക്ഷ്യശാലകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലാണ് പ്രചാരണം നടത്തുന്നത്. ഇപ്പോള്‍ 6500 കിലോമീറ്റര്‍ പിന്നിട്ട് യാത്ര കേരളത്തില്‍ എത്തിനില്‍ക്കുന്നു.

സിംപിളി ബ്ലഡ്‌ അപ്പ് സൗജന്യമായി ആളുകള്‍ക്ക് ഉപയോഗിക്കാം. രക്തം ആവശ്യമുള്ളവര്‍ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. എവിടെയാണോ വേണ്ടത് അവിടെയ്ക്ക് രക്ത ധാതാവ് എത്തും.

യാത്രയുടെ ലക്‌ഷ്യം

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലായി 15,000 കിലോമീറ്റര്‍ കാല്‍നടയായി യാത്രചെയ്ത് ആളുകളോട് രക്തദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുക. ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും പത്തുപേരെങ്കിലും രക്തദാനത്തിനു വേണ്ടി മുമ്പോട്ടുവരണം. ഇതാണ് യാത്രയുടെ ലക്‌ഷ്യം.

വര്‍ഷംതോറും 12,000 ആളുകള്‍ രക്തം ലഭിക്കാതെ മരണത്തിനു കീഴടങ്ങുന്നു. 15,000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിലൂടെ 15 ലക്ഷം ആളുകള്‍ എങ്കിലും രക്തദാനത്തിനു വേണ്ടി തയ്യാറാവും എന്നാണ് കിരണിന്‍റെ പ്രതീക്ഷ. സിംപിളി ബ്ലഡ്‌ പ്ലാറ്റ്ഫോം ഉപയോഗിച്ച് 2020 ആകുമ്പോഴേക്കും രക്തദാനത്തിലൂടെ ദശലക്ഷം ജീവന്‍ രക്ഷിക്കണം എന്നാണ് ഇദ്ദേഹത്തിന്‍റെ ജീവിതാഭിലാഷം.

ജീവിതത്തിൽ ഒരിക്കലെങ്കിലും രക്തം സംഭാവന ചെയ്യാൻ ഒരാളെങ്കിലും പ്രതിജ്ഞ എടുത്താല്‍ കാതങ്ങള്‍ താണ്ടിയുള്ള തന്‍റെ യാത്രയ്ക്ക് പൂര്‍ണതയുണ്ടാകും എന്നാണ് കിരണ്‍ വിശ്വസിക്കുന്നത്.