വവ്വാല്‍ ക്ലിക്കിന്‍റെ ഉപജ്ഞാതാവ് ടൂറിസം ന്യൂസ് ലൈവിനോട്- പരിഹാസങ്ങളില്‍ തളരില്ല,ഇനിയും നടത്തും ഇത്തരം പരീക്ഷണം

ഒറ്റ ക്ലിക്കില്‍ താരമായ ഫോട്ടോഗ്രാഫറാണ് തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര വിഷ്ണു. പല അവസ്ഥാന്തരങ്ങളും കണ്ട വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഭയാനകമായ വെര്‍ഷന്‍, പുതുതായി കണ്ടെത്തിയ വവ്വാല്‍ ക്ലിക്ക് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പലരും വിഷ്ണുവിന്‍റെ ക്ലിക്കിനെ പരിഹസിച്ചു. നല്ലൊരു ഫ്രെയിം കിട്ടാന്‍ താന്‍ നടത്തിയ സാഹസികതയേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ചവരാണ് ഏറെയുമെന്ന് വിഷ്ണു പറയുന്നു.

വിഷ്ണു

വവ്വാല്‍ ക്ളിക്കിലേക്ക്

വിഷു ദിവസമായിരുന്നു ആ കല്യാണം. പെരിങ്ങോട്ടുകര സ്വദേശികളായ ഷെയ്സിന്‍റെയും നവ്യയുടെയും. രണ്ടു പേരുടെയും ഫോട്ടോഗ്രാഫി വര്‍ക്ക് താന്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് റാമ്പ് എന്ന സ്ഥാപനത്തിനായിരുന്നു. സ്ഥാപനം എന്നു പറയാന്‍ ഓഫീസ് ഒന്നുമില്ല. ഫേസ്ബുക്ക് പേജ് വഴിയാണ് വര്‍ക്ക് കിട്ടുന്നത്. ഓരോ വര്‍ക്കിലും വ്യത്യസ്ഥമായ ഫ്രെയിമിനു വേണ്ടിയാണ് മനസ് പരതുക. അങ്ങനെയാണ് മരത്തില്‍ കയറി വെര്‍ട്ടിക്കല്‍ ക്ലിക്ക് ആകാമെന്ന് തോന്നിയത്. വധൂ വരന്മാര്‍ കട്ട സപ്പോര്‍ട്ട് എങ്കില്‍ അത്തരം ഫ്രെയിം എടുക്കാന്‍ നമുക്കും തോന്നും. ഇവിടെ വധൂ വരന്മാര്‍ നന്നായി സഹകരിക്കുന്നവരായിരുന്നു.

തരംഗമാക്കിയത് സുഹൃത്ത്‌

മരക്കൊമ്പില്‍ തലകീഴായി ഞാന്‍ ചിത്രമെടുക്കുന്നത് മറ്റൊരാള്‍ ക്യാമറയിലാക്കിയിരുന്നു. സുഹൃത്ത്‌ റിജോയ് ആണ് ആ ദൃശ്യം പകര്‍ത്തിയത്. ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം ഇട്ടോട്ടെ എന്ന് റിജോയ് ചോദിച്ചു- ഞാന്‍ സമ്മതിക്കുകയും ചെയ്തു. അവിടെ നിന്നാണ് ഈ ചിത്രം വവ്വാല്‍ ക്ലിക്ക് എന്ന പേരില്‍ വൈറലാകുന്നത്.

സാഹസികത മുമ്പും

ആദ്യമായല്ല താന്‍ ഫോട്ടോഗ്രാഫിയില്‍ ഇത്തരം സാഹസികത പരീക്ഷിക്കുന്നത്. മരത്തിലൊക്കെ കയറി പലവട്ടം ചിത്രമെടുത്തിട്ടുണ്ട്. വീടിന്‍റെ മച്ചിനു മുകളില്‍ കയറി മുന്‍പൊരിക്കല്‍ എടുത്ത ചിത്രം ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ സംസാരമായതാണെന്നും വിഷ്ണു.

ഫോട്ടോഗ്രാഫി ആവേശം

ഫോട്ടോഗ്രാഫി വിഷ്ണു പ്രൊഫഷണലായി പഠിച്ചിട്ടില്ല. ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്ക് ശേഷം ക്യാമറയും തൂക്കി ഈ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. വൈറ്റ്റാമ്പിലെ ബിജുവാണ് ഈ രംഗത്തെ വഴികാട്ടി എന്നു പറയാം. കാനോണ്‍ 5ഡി മാര്‍ക്ക് 3 ക്യാമറയിലായിരുന്നു വവ്വാല്‍ ക്ലിക്ക്.

ആ ഫ്രെയിം ഔട്ട്‌ പുട്ട് എങ്ങനെ?

സംതൃപ്തി തോന്നിയില്ലന്നു വിഷ്ണു.  ചിത്രം എടുക്കും മുന്‍പ്  മനസ്സില്‍ തോന്നിയത് ഫ്രെയിമില്‍ കിട്ടിയില്ലന്നും വിഷ്ണു.

വവ്വാല്‍ ക്ലിക്ക് വീഡിയോ കാണാം