അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കേരള ടൂറിസവും
ഈ മാസം 22 മുതല്‍ 25 വരെ ദുബൈയില്‍ നടക്കുന്ന പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ കേരള ടൂറിസം പങ്കാളികളാകും. അറേബ്യന്‍ മേഖലയില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ടാണ് ടൂറിസം വകുപ്പ് അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ പങ്കെടുക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിനായുള്ള കേരള സംഘത്തെ ടൂറിസം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കും.
മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ടൂറിസം കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു എ ഇ യില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2.64 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. കുവൈറ്റ് (14.33%), ഒമാന്‍ (5.75%) തുടങ്ങി മറ്റു മേഖലകളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്.
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം വഴി കൂടുതല്‍ അറേബ്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ടൂറിസം വകുപ്പ്. കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസിന്‍റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലും തുടര്‍ന്ന് റിയാദിലും ദമാമിലും മനാമയിലും സംഘടിപ്പിക്കുന്ന ബി ടു ബി മീറ്റുകളിലും സംഘത്തിന്‍റെ ഭാഗമാകും.
ഇന്ത്യന്‍ പവലിയനില്‍ ഒരുക്കുന്ന കേരളത്തിന്റെ സ്റ്റാന്‍ഡില്‍ കേരള ടൂറിസത്തോടൊപ്പം രണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാരും മൂന്ന് റിസോര്‍ട്ടുകളും ഉള്‍പ്പെടെ ആറ് എക്സിബിറ്റര്‍മാരാണ് ഉണ്ടാവുക. 29 ന് റിയാദിലും മെയ് 1 ന് ദമാമിലും മെയ് 2 ന് മനാമയിലും ബി ടു ബി മീറ്റുകളിലും കേരള ടൂറിസം സംഘടിപ്പിക്കുന്നുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെ പതിനാറോളം സെല്ലര്‍മാരാണ് മൂന്നിടത്തുമായി നടക്കുന്ന ബി ടു ബി മീറ്റുകളില്‍ പങ്കെടുക്കുന്നത്.
തങ്ങളുടെ വാര്‍ഷിക ടൂര്‍ യാത്രകളില്‍ കേരളം ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുന്നവര്‍ക്ക് ലഭ്യമാകുന്ന സാദ്ധ്യതകള്‍ പരിഗണിക്കവെ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത ടൂറിസം വ്യവസായത്തിന് ഗുണകരമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒഴിവു ദിനങ്ങള്‍ക്കും ബിസിനസ് യാത്രകള്‍ക്കും കേരളം തിരഞ്ഞെടുക്കുന്ന യാത്രികര്‍ക്ക് സാധ്യതകള്‍ തുറന്ന് കാട്ടുന്നതിന് അറേബ്യന്‍ മേഖലയില്‍ സംഘടിപ്പിക്കപ്പെടുന്ന ബി 2 ബി മീറ്റുകള്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറേബ്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി കേരളം മാറിയിട്ടുണ്ടെന്നും ഈ മേഖലയില്‍ കൂടുതല്‍ ടൂറിസം അവസരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. റിയാദ്, ദമ്മാം, മനാമ എന്നീ ഏറെ പ്രാധാന്യമുള്ള വിപണികളില്‍ സംഘടിപ്പിക്കപ്പെടുന്ന ബി ടു ബി മീറ്റുകള്‍ കൂടുതല്‍ ബൃഹത്തായ രീതിയില്‍ കേരളം മുന്നോട്ടു വയ്ക്കുന്ന ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉതകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മാതൃകാ ടൂറിസ സ്ഥലമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ക്ക് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലും മറ്റിടങ്ങളില്‍ നടക്കുന്ന ട്രേഡ് ഫെയറുകളിലെയും പങ്കാളിത്തം ആക്കം കൂട്ടുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എ എസ് പറഞ്ഞു.