ഐഐഎം ഒന്നാമന്,വമ്പന്‍ ശമ്പളത്തില്‍ ജോലി; കൊല്ലം സ്വദേശി ജസ്റ്റിന്റെത് പ്രാരാബ്ധങ്ങളെ മറികടന്ന വിജയഗാഥ
നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന് ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ ലാബില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് നിയമനം. ആനുകൂല്യങ്ങള്‍ അടക്കം ശമ്പളം 19 ലക്ഷം രൂപ.
വമ്പന്‍ ശമ്പളം കിട്ടുന്ന പദവിയിലേക്ക് ജസ്റ്റിന് എത്തിയത് യാദൃചികമല്ല. നിശ്ചയദാർഢ്യത്തിന്റെയും കഠിന പ്രയത്നത്തിന്റെയും കഷ്ടപ്പാടിന്റെയും വിയര്‍പ്പുനീരുകള്‍ വീണതാണ് ആ വിജയ ഗാഥ.
കൊല്ലത്തെ തയ്യല്‍ കുടുംബത്തിലാണ് ജസ്റ്റിന് ജനിച്ചത്. അച്ഛനും മുത്തച്ഛനും തയ്യല്‍ തൊഴിലാളികള്‍. റെഡിമേഡ് തുണികള്‍ വന്നതോടെ തയ്യലും കുറഞ്ഞു. എങ്കിലും ജസ്റ്റിന്റെ പഠനത്തിനു മുടക്കം വരുത്തിയില്ല. സ്കൂള്‍ തലം മുതലേ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജസ്റ്റിന്. കുടുംബത്തിനു വരുമാനം നിലക്കുന്ന ഘട്ടമെത്തിയപ്പോള്‍ പിതൃ സഹോദരിയാണ് ജസ്റ്റിനെയും പെങ്ങളെയും പഠിപ്പിച്ചത്.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക് പ്രവേശനം കിട്ടിയതോടെ പഠനചെലവിനു സ്കോളര്‍ഷിപ് കിട്ടിത്തുടങ്ങി. നാഗ്പൂര്‍ ഐഐഎമ്മില്‍ ചേരും മുന്‍പ് രണ്ടു വര്‍ഷം സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ ജോലി ചെയ്തു. ഒടുവില്‍ ജസ്റ്റിന് സ്വപ്ന സാഫല്യമായി.