തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല
തീരദേശ നിർമാണ പ്രവർത്തനങ്ങളിൽ ഇളവ് വരുത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു.
കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും.
വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും പറഞ്ഞു.
തീരദേശത്തിന് 200 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത് .
തീരദേശത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു. നിബന്ധനകൾ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ നിർമിക്കാമെന്നും വിജ്ഞാപനത്തിലുണ്ട്.
ദ്വീപുകളിലെ നിർമാണത്തിന്റെ പരിധി 50 മീറ്ററിൽ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്. വിജ്ഞാപനത്തിൽ തീരദേശ പരിപാലനമെന്നത് പുതിയ നിർവചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്നും ഭേദഗതി വരുത്തി.