News

ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍

ചെന്നൈ നഗരത്തില്‍ സബര്‍ബേന്‍ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടുന്നു. പദ്ധതിയുടെ ആദ്യ ചുവട് വെയ്പ്പായി ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പാതയില്‍ ഐഎന്‍എസ് രാജാലി നേവല്‍ ബേസ് അംഗീകാരം നല്‍കാന്‍ വൈകുന്നതിനാല്‍ തക്കോലം-ആര്‍ക്കോണം റൂട്ടിലെ രണ്ടു കിലോമീറ്റര്‍ പാതയുടെ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ഈ ഭാഗത്തെ വൈദ്യുതീകരണത്തിന് ഈയിടെ നാവികസേന അനുമതി നല്‍കി. അതുകൂടി പൂര്‍ത്തിയാക്കി ഇക്കൊല്ലം അവസാനത്തോടെ റൂട്ടില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയായ ചെങ്കല്‍പെട്ട്-തിരുമാല്‍പൂര്‍ റൂട്ടില്‍ ഏതാനം എമു ട്രെയിനുകള്‍ ഓടുന്നുണ്ട്. തക്കോലം-ആര്‍ക്കോണം റൂട്ടിലെ വൈദ്യുതീകരണം കഴിഞ്ഞാല്‍ ഇവ ആര്‍ക്കോണത്തേക്കു നീട്ടുമെന്നാണ് സൂചന.

സേനാ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശമായതിനാല്‍ സുരക്ഷ പരിഗണിച്ച് ശക്തിയേറിയ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു നാവിക കേന്ദ്രം അധികൃതര്‍. എന്നാല്‍ റെയില്‍വേ മന്ത്രാലയം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതുകൂടാതെ പദ്ധതിക്കായി 60 കോടിരൂപ നല്‍കാനും നാവിക കേന്ദ്രം തയാറായി. ഇതില്‍ 30 കോടി രൂപ അനുവദിച്ചതായും ബാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ നഗരത്തിലെ സബേര്‍ബന്‍ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാത സഹായിക്കുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ആര്‍ക്കോണത്തുനിന്ന് ആവഡി, ചെന്നൈ സെന്‍ട്രല്‍-ചെന്നൈ ബീച്ച്-താംബരം റൂട്ടിലൂടെ ചെങ്കല്‍പെട്ടിലെത്താന്‍ നൂറു കിലോമീറ്ററിലധികം പിന്നിടണം അതിനായി യാത്രാ സമയം ഒന്നേമുക്കാല്‍ മണിക്കൂറാണ് ഇപ്പോള്‍ എടുക്കുന്നത്.

എന്നാല്‍ ആര്‍ക്കോണത്തുനിന്നു തക്കോലം, തിരുമാല്‍പൂര്‍ വഴിയുള്ള പാതയിലൂടെ ചെങ്കല്‍പെട്ടിലെത്താന്‍ നാല്‍പതു മിനിറ്റ് മതി. ആര്‍ക്കോണത്തുനിന്നു നേരിട്ടു ചെങ്കല്‍പെട്ട് ഭാഗത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. ഇതുകൂടാതെ ആര്‍ക്കോണം-ബീച്ച്-താംബരം-ചെങ്കല്‍പെട്ട്-തിരുമാല്‍പൂര്‍-ആര്‍ക്കോണം റൂട്ടില്‍ നഗരത്തിലെ ആദ്യ റിങ് സബേര്‍ബന്‍ റൂട്ടിനുള്ള വഴിയും തെളിയും. നഗരത്തിലെ എല്ലാ പ്രധാന മേഖലയെയും ബന്ധിപ്പിച്ചുള്ള സബേര്‍ബന്‍ റൂട്ടായി ഇതു മാറുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.