Places to See

ലോക പൈതൃക ദിനം: യാത്രപോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക സ്ഥലങ്ങളിലേയ്ക്ക്

ഇന്ന് ലോക പൈതൃകദിനം. സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായാണ് ലോക പൈതൃക ദിനം യുനസ്കോ ആചരിക്കുന്നത്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുനസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ 36 സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്‌. ഇന്ത്യയിൽ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. പൈതൃകങ്ങളുടെ പുണ്യം അന്വേഷിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പോകാന്‍ പറ്റിയ അഞ്ചിടങ്ങള്‍ പരിചയപ്പെടാം.

കാസ് പീഠഭൂമി

മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ സസ്യങ്ങളും നൂറ്റിയമ്പതില്‍ പരം വ്യത്യസ്തയിനം പൂക്കളും കാസ് പീഠഭൂമിയിലുണ്ട്.

ഓർക്കിഡുകൾ, കാർവി തുടങ്ങി ഡ്രോസെറ പോലുള്ള മാംസഭോജി സസ്യങ്ങൾ വരെ ഇവിടെ കാണപ്പെടുന്നു. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ സസ്യങ്ങൾ പൂവണിയുന്നത്. ആ സമയങ്ങളിൽ ‘പൂക്കളുടെ താഴ്‌വര’ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഈ കാഴ്ച കാണുവാനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ദിവസം പരമാവധി 2000 പേരെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. 2012ൽ യുനെസ്‌കോ കാസ് പീഠഭൂമിയെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

ഹംപി

ഉത്തര കർണാടകത്തിലെ വാസ്തുകലകളുടെ ഗ്രാമമാണ് ഹംപി. ഹുബ്ലിയിൽ നിന്ന് 163 കിലോമീറ്റര്‍ കിഴക്കും ബെല്ലാരിയിൽ നിന്ന് 65 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമായി തുംഗഭദ്ര നദിയുടെ കരയിലാണ് ഹംപി. വിജയനഗരത്തിന്‍റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.

വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വിജയനഗരത്തിന്‍റെ കാലത്തിനു ശേഷവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ 1986ലാണ് ഹംപിയെ ഉൾപ്പെടുത്തിയത്. വിരൂപാക്ഷ ക്ഷേത്രം, മന്മഥ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, ഭൂഗർഭ ശിവക്ഷേത്രം, പാൻ-സുപാരി ബസാർ, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹൽ, ഗരുഡ രഥം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

ഗോവയിലെ പള്ളികളും കോണ്‍വന്‍റ്കളും

1961 വരെ ഇന്ത്യയില്‍ നിലനിന്ന പോർച്ചുഗീസ് ഭരണത്തിന്‍റെ ശേഷിപ്പുകളാണ് ഗോവയിലെ പള്ളികളും കോണ്‍വന്‍റ്കളും. പോർച്ചുഗീസുകാർ ഇന്ത്യയിലെ തലസ്ഥാനമായി കണക്കാക്കിയിരുന്ന ഗോവയിൽ അവരുടെ ഭരണകാലത്ത് ഒട്ടേറെ പള്ളികളും മറ്റും നിർമിച്ചിരുന്നെങ്കിലും ഇവയിൽ ഭൂരിഭാഗവും കാലക്രമത്തിൽ ഇല്ലാതായി. ശേഷിക്കുന്നവയാണ് പൈതൃക സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നത്. യൂറോപ്യൻ വാസ്തുശിൽപ കലയുടെയും ചിത്രകലയുടേയും മാതൃകകളാണ് ഗോവയിലെ പള്ളികളും കോണ്‍വന്‍റ്കളും. 1986ൽ ഇവ ലോകപൈതൃക പട്ടികയുടെ ഭാഗമായി.

വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

കുന്നും മലകളും മഞ്ഞും നിറഞ്ഞ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ്. 1982ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. പർവതാരോഹകരായിരുന്ന ഫ്രാങ്ക് എസ് സ്മിത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931ൽ കണ്ടെത്തിയ ഒരു പ്രദേശമാണിത്. 89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്‍റെ വിസ്തൃതി.

സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഹിമാലയ താഴവരയായ ഈ പ്രദേശത്തു കൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300 ഇനങ്ങളില്‍പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നുണ്ട്. കൂടാതെ മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണ് വാലി ഓഫ് ഫ്ലവേഴ്സ്. 2005ലാണ് ഈ ദേശീയോദ്യാനം യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടുന്നത്.

മഹാബലിപുരം

തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ അതിപുരാതന തുറമുഖ നഗരമാണ്‌ മഹാബലിപുരം. മാമല്ലപുരം എന്നും അറിയപ്പെടുന്നു. 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌ ചെന്നൈ നഗരത്തിനു 60 കിലോമീറ്റര്‍ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്‍റെ പേരിലാണ്‌ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങള്‍ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമിച്ചവയാണ്‌. ഗുഹാക്ഷേത്രങ്ങളും ഒറ്റക്കൽ മണ്ഡപങ്ങളും ശില്‍പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങൾ.

സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് നിർമിച്ചവയാണ്‌. പലതും ഒറ്റ പാറയാൽ നിർമിച്ചവയുമാണ്. ഈ സ്മാരകങ്ങളിലെല്ലാം ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്‍റെ കരവിരുത് കാണാം. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ്‌ മഹാബലിപുരം. മഹാബലിപുരം പല്ലവരാജ്യത്തെ ശില്‍പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു. തിരുക്കടൽ മല്ലൈ, ഗംഗന്മാരുടെ പതനം, അർജ്ജുനന്‍റെ തപസ്, മഹിഷമർദ്ദിനി ഗുഹാക്ഷേത്രം, പഞ്ചരഥങ്ങൾ, തീരക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. 1984ലാണ് ലോക പൈതൃക പട്ടികയില്‍ മഹാബലിപുരം ഇടംപിടിക്കുന്നത്.