പാതകളില്‍ വേഗപരിധി കൂട്ടി കേന്ദ്രം; കേരളത്തില്‍ കൂടില്ല
ഇന്ത്യന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 20 കിലോമീറ്റര്‍ ശരാശരി വേഗമാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയ വേഗ പരിധി കേരളത്തില്‍ പ്രായോഗികമാകില്ല. 2014ല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വേഗതാണ് കേരളത്തില്‍ നിലനില്ക്കുക.
മോട്ടോര്‍ വാഹനനിയമത്തിന്റെ 112(1) വകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതേനിയമത്തിന്റെ 112(2) വകുപ്പനുസരിച്ച് സംസ്ഥാനത്തെ റോഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് പരിധികള്‍ നിശ്ചയിക്കാം. കേന്ദ്രപരിധിക്ക് മുകളിലാക്കാനാവില്ലെന്നു മാത്രം.
കേരളത്തിലെ പാതകളുടെ പ്രത്യേകത കണക്കിലെടുത്താണ് വേഗ പരിധി കൂട്ടാതിരിക്കുന്നത്. പാതകള്‍ ഒരേനിരപ്പില്‍ അല്ലാത്തതിനാല്‍ വേഗപരിധിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ല. കേരളത്തില്‍ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രധാന പാതകളുടെ അരികില്‍ത്തന്നെയും, നാലു വരി പാതകളുടെ കുറവുമാണ് വേഗപരിധിയുടെ കാര്യത്തില്‍ സ്വന്തമായ നിരക്ക് ക്രമീകരിക്കാന്‍ കേന്ദ്രം അനുവാദം കൊടുത്തത്.
മാനദണ്ഡങ്ങള്‍ പാലിച്ച പുതുക്കിയ വേഗപരിധിയില്‍ കാറുകള്‍ക്ക് എക്സ്പ്രസ്വേയില് 120 കിലോമീറ്ററാകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ നൂറായിരുന്നു പരിധി. നടുക്ക് മീഡിയനുകളുള്ള നാലുവരി പാതകളില്‍ 80-നു പകരം നൂറു കിലോമീറ്ററാണ് പുതിയ വേഗം. പട്ടണപ്രദേശങ്ങളിലും മറ്റു പാതകളിലും 70 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് നാലുവരിപ്പാതയില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 80 കിലോമീറ്ററാണ്.
അനുവദിക്കപ്പെട്ട എക്സ്പ്രസ് വേകളിലും ഇതേ നിരക്കാണ്. ബാക്കിയെല്ലാ പാതകളിലും അറുപതും. ഒന്‍പതു സീറ്റിനു മുകളിലുള്ള കാബ് വിഭാഗത്തില്‍പ്പെടുന്ന എം-2 , എം-3 വാഹനങ്ങള്‍ക്ക് എക്സ്പ്രസ് വേയില്‍ നൂറും നാലുവരിയില്‍ 90-ഉം മറ്റിടങ്ങളില്‍ 60-ഉം ആക്കി. മുച്ചക്ര വാഹനങ്ങള്‍ക്ക് എക്സ്പ്രസ് വേയില്‍ പ്രവേശനമില്ല. മറ്റെല്ലാ പാതകളിലും അന്‍പതുകിലോമീറ്ററാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി വേഗം.