Kerala

ചിത്രീകരണം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതി

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്‍ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

മലയോര പ്രദേശങ്ങളില്‍ ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്‍, വിവിധ തരം കൃഷികള്‍, പശു, ആട്, കോഴി, മുയല്‍, പക്ഷികള്‍, മത്സ്യകൃഷി, പ്രകൃതിസൗന്ദര്യം, തേനീച്ച വളര്‍ത്തല്‍, കുട്ട മെടയല്‍, നീര ടാപ്പിങ് തുടങ്ങിയവയുടെ ദൃശ്യങ്ങളാണു സംഘം ചിത്രീകരിച്ചത്.

കാസര്‍കോട് ജില്ലയിലെ പാലാവയല്‍, കണ്ണൂര്‍ ജില്ലയിലെ കോഴിച്ചാല്‍, ജോസ്ഗിരി, താബോര്‍, ചൂരപ്പടവ്, കോക്കടവ് എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍ പി.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിത്രീകരണം നടത്തുന്നത്.

ഇറ്റലിയില്‍ നിന്നുമുള്ള ലോറന്‍സ, കാനഡയില്‍ നിന്നുള്ള ബെക്ക, മെറീന്‍, ചെക് റിപ്പബ്ലിക്കിലെ തെരേസ എന്നീ ടൂറിസ്റ്റുകളാണ് പ്രധാന അഭിനേതാക്കള്‍. ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ ഇത് ഉത്തരവാദിത്ത ടൂറിസം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.