കോഴിക്കോട് ക്വിസ് ടൂറിസം വരുന്നു
ജൂണില്‍ കോഴിക്കോട് നഗരം ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മഹോത്സവത്തിന് വേദിയാകും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്വിസ്സിംഗ് അസോസിയേഷ (ഐക്യൂഎ)ന്‍റെ നേതൃത്വത്തില്‍ ക്വിസ് കേരളയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ലോകത്താകമാനം 150 രാജ്യങ്ങളില്‍ ഐക്യൂഎ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 11 വര്‍ഷമായി കേരളത്തില്‍ കോഴിക്കോടാണ് ക്വിസ് മഹോത്സവത്തിന് വേദിയാകുന്നത്. കേരളത്തിന്‍റെ ക്വിസ് തലസ്ഥാനമായാണ് കോഴിക്കോട് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ക്വിസ് മത്സരങ്ങള്‍ കാണാനും പങ്കെടുക്കാനും വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോഴിക്കോട് എത്തുന്നു. കോഴിക്കോടിന്‍റെ ഭക്ഷണവും ബീച്ചും ക്വിസ്സും കൂടിച്ചേര്‍ന്ന് ക്വിസ് ടൂറിസമായി മാറിയതായി ക്വിസ് കേരള സെക്രട്ടറി സ്നേഹജ് ശ്രീനിവാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് 280 ആളുകള്‍ ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ 40ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാറില്ല. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ക്വിസ് മഹോത്സവത്തിന് കേരളത്തില്‍ കൂടുതല്‍ ആരാധകരുണ്ടെന്നാണ്. സ്നേഹജ് കൂട്ടിച്ചേര്‍ത്തു. എട്ടു ദിവസത്തെ ക്വിസ് മഹോത്സവത്തില്‍ 25 വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കും.
ആദ്യ നാലു ദിവസത്തെ പരിപാടി മെഡിക്കല്‍ കോളേജ് ക്യാംപസിലും ബാക്കി നാലു ദിവസത്തെ പരിപാടി മറ്റു കോളേജുകളിലും നടക്കും. ആര്‍ക്കും ക്വിസ്സില്‍ പങ്കെടുക്കാം. പ്രത്യേക റെജിസ്ട്രേഷന്‍റെ ആവശ്യമില്ല. വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. കൂടാതെ ഈ മാസം 22ന് ചെറിയ ക്വിസ് ക്ലബ്ബുകള്‍ക്ക് വേണ്ടി മത്സരങ്ങള്‍ സംഘടിപ്പിക്കും.