മദീനയിലേക്ക് പുതിയ സര്‍വീസാരംഭിച്ച് ജസീറ എയര്‍വേസ്
റമദാനോടനുബന്ധിച്ച് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് സൗദിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കുവൈത്തില്‍ നിന്നുള്ള തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് നേരിട്ട് ഉണ്ടാവുകയെന്ന് ജസീറ സി ഇ ഒ രോഹിത് രാമചന്ദ്രന് പറഞ്ഞു.
ഏപ്രില്‍ 30 വരെ ചൊവ്വ, വ്യാഴം, ശനി, ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എട്ടു മണിക്ക് എത്തുകയും തിരിച്ച് മദീനയില്‍ നിന്ന് 8.45ന് പുറപ്പെട്ട് 10.30ന് കുവൈത്തില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
മേയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെട്ട് 12ന് മദീനയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. റമദാനോടനുബന്ധിച്ച് മേയ് 16 മുതല്‍ ജൂണ്‍ ആറു വരെ ത്വാഇഫയിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 6.05ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് 8.10ന് ത്വാഇഫില്‍ എത്തുന്ന രീതിയിലാണ് ഈ സര്‍വീസ്.
ത്വാഇഫില്‍ നിന്ന് ഒമ്പതിന് തിരിച്ച് കുവൈത്തില്‍ 11ന് വിമാനമിറങ്ങും. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ എന്നിവടങ്ങളിലെ 23 കേന്ദ്രങ്ങളിലേക്ക് ജസീറ എയര്‍വേസ് സര്‍വീസ് നടത്തുന്നുണ്ട്. ഇക്കണോമി ക്ലാസ്സില്‍ 30 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും ബാഗേജ് അനുവദിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ ടെര്‍മിനല്‍ അടുത്തമാസം തുറക്കുമെന്ന് സി ഇ ഒ പറഞ്ഞു.