മൂന്നര പതിറ്റാണ്ടിനൊടുവില്‍ സൗദിയില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം
ചരിത്രം പൊളിച്ചെഴുതി മുപ്പത്തിഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഇന്ന് സിനിമാ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തിയേറ്ററിലാണ് പ്രദര്‍ശനം. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക. 620 സീറ്റുകളുള്ള തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് പൂര്‍ണമായും ഒഴിവാക്കിയത്. വിഷന്‍ 2030 എന്ന പേരിലാണ് സമ്പൂര്‍ണ പരിഷ്കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി 267 കോടി ഡോളറാണ് സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത്്. വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെ വിദേശികളായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുസ്ലിം പണ്ഡിതന്മാര്ക്കിടയില് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സിനിമാ നിരോധനം നീക്കിയതിലൂടെ ഈ തുക രാജ്യത്തിന് തന്നെ ലഭിക്കുന്ന സാഹചര്യമാണുള്ളത്. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ചാണ് തിയേറ്ററുകള്‍ വ്യാപകമായി തുറക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം 40 തിയേറ്ററുകള്‍ നിര്‍മിക്കും. 2030 ആകുമ്പോഴേക്കും എണ്ണം 100 ആക്കി ഉയര്‍ത്തും. അധികം വൈകാതെ ഡിജെ പാര്‍ട്ടിയും സൗദിയില്‍ ആരംഭിക്കുമെന്നാണ് വിവരങ്ങള്‍.