Special

പ്ലാസ്റ്റിക്കിനെ അപ്രത്യക്ഷമാക്കാന്‍ എന്‍സൈമിനെ കണ്ടെത്തി

ഭൂമിയെ വിഴുങ്ങുന്ന വില്ലനെ ഒഴിവാക്കാന്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. മലിനീകരണത്തില്‍ ഏറിയ പങ്ക് വഹിക്കുന്ന പ്ലാസ്റ്റിക്കിനെ നശിപ്പിക്കുവാന്‍ ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയും യു എസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബോറട്ടറിയിലെ ഗവേഷകരും ചേര്‍ന്ന് പുതിയ എന്‍സൈമിനെ കണ്ടെത്തി.

ലോകത്തിന് തന്നെ തികച്ചും അപ്രതീക്ഷിതമായൊരു കണ്ടുപിടുത്തമാണ് 2016ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലെയും, കോട്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ഗവേഷക സംഘം കണ്ടെത്തിയ ഇഡിയോനെല്ല സ്‌കായെന്‍സിസ് എന്ന ബാക്ടീരിയ.

ഇതിന്റെ ഘടനയെ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് പോളി എതിലീന്‍ ടെറിഫ്തലേറ്റ് അഥവാ പി. ഇ. ടി എന്ന പ്ലാസ്റ്റിക്കിനെ പോലും വിഘടിപ്പിക്കാന്‍ സകായെന്‍സിസ് 201-എഫ്6 എന്ന എന്‍സൈമിന് സാധിക്കുമെന്ന് കണ്ടെത്തിയത്.

സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കല്‍ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം. വലിയ അളവില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ അപ്രത്യക്ഷമാക്കാന്‍ ഈ എന്‍സൈമിനാവുമെങ്കില്‍ പ്ലാസ്റ്റിക്കുകളുടെ അന്ത്യവും അടുത്തിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ ഒരു മാര്‍ഗം ഉരുത്തിരിഞ്ഞു വരികയാണ് ഇതിലൂടെ.

തിങ്കളാഴ്ച്ചയാണ് പ്രൊസീഡിങ്‌സ് ഓഫ് സയന്‍സസ് ജേണലില്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഈ എന്‍സൈമിനെ മെച്ചപ്പെടുത്തുന്ന ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.