India

ഡല്‍ഹി-മുംബൈ റെയില്‍ ട്രാക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി.

 

ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.

1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്. എന്നാല്‍ പലയിടങ്ങളിലും ട്രാക്കിലേക്ക് ആളുകളും കന്നുകാലികളും മറ്റും കയറാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു പോകുന്നത്. ഇതുമൂലം അനാവശ്യ സമയനഷ്ടമുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണു മതില്‍ നിര്‍മിക്കാനുള്ള തീരുമാനം.

നഗരമേഖലകള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലൂടെയുള്ള ട്രാക്കുകളിലാണു മതില്‍ നിര്‍മിക്കുക.മതില്‍ കെട്ടിയശേഷം ട്രാക്കിലെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.