Auto

ലോകത്തിലെ അതിസുരക്ഷാ വാഹനം ട്രംപിനായി ഒരുങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം തയ്യാറാകുകയാണ്. ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വാഹനം ഉപയോഗിക്കുന്ന രാഷ്ട്രത്തലവന്‍മാരില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നതിനാല്‍ അതീവ സുരക്ഷ സംവിധാനങ്ങളോടും നൂതന സാങ്കേതികവിദ്യയിലുമാണ് കാറിന്റെ നിര്‍മ്മാണം. മിസൈലുകളെയും രാസായുധങ്ങളെയും വരെ ചെറുക്കാനുള്ള കരുത്ത് ഈ വാഹനത്തിനുണ്ട്. ഏകദേശം 15 ലക്ഷം ഡോളര്‍ മുതല്‍ മുടക്കിലാണ് കാറിന്റെ നിര്‍മ്മാണം.

അധികാരത്തിലെത്തിയ ശേഷം ട്രംപിനായി നല്‍കിയത് ഒബാമ ഉപയോഗിച്ചു കൊണ്ടിരുന്ന ബീസ്റ്റായിരുന്നു. നൂനതന സംവിധാനങ്ങളുമായി പരിഷ്‌കരിച്ച പുതിയ ബീസ്റ്റ് അടുത്തു തന്നെ ട്രംപിന് കൈമാറുമെന്നാണ് വിവരം. 2001 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ആദ്യമായി ബീസ്റ്റ് കാര്‍ ഉപയോഗിക്കുന്നത്. 2001 മുതലാണ് വിപണിയില്‍ അവതരിപ്പിക്കുന്ന ബീറ്റ്സില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റിന് മാത്രമായി പ്രത്യേകം കാര്‍ നിര്‍മ്മിക്കാന്‍ ജനറല്‍ മോട്ടോഴ്സ് തുടങ്ങിയത്. ഏകദേശം 100 കോടി രൂപയ്ക്കാണ് അതിനുള്ള കരാര്‍ ജനറല്‍ മോട്ടോഴ്സ് സ്വന്തമാക്കിയത്.

ബാലിസ്റ്റിക്, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഇതിലുണ്ടാകും. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്.

ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. പ്രസിഡന്റിന്റെ സീറ്റിന് സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്. വെടിയുണ്ടയേല്‍ക്കാത്ത എട്ടിഞ്ചു കനത്തിലുള്ള വാതിലുകളാണ് കാറിന്റേത്.

പഞ്ചറാകാത്ത ടയറുകളാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പ്രസിഡന്റിന്റെ രക്തവും കാറില്‍ ഉണ്ടാകും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഈ കാറിനാകും. പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗത്തിലെത്താന്‍ 15 സെക്കന്‍ഡ് മതി. പ്രത്യേക പരിശീലനം നല്‍കിയ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.