കൊച്ചിയിലെ എംജി റോഡില്‍ ഇനി ഹോണടിയില്ല
കേരളത്തിലാദ്യമായി ഒരു റോഡ് ഹോൺ രഹിതമാകുന്നു. കൊച്ചി എംജി റോഡാണു ഈ മാസം 26 മുതൽ ഹോൺ രഹിത മേഖലയാകുന്നത്. 26നാണ് ഈ വര്‍ഷത്തെ നോ ഹോൺ ഡേ. അന്നു രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിങ്ങിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്), അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് (എഒഎ), കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2016 മുതൽ ഐഎംഎ എല്ലാ വർഷവും നോ ഹോൺ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോൺ രഹിതമാക്കുന്നത്.
വരും ദിവസങ്ങളിൽ എഒഎയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലേയും വൈകീട്ടും ശബ്ദ നിലവാരം അളക്കുകയും സ്വകാര്യ ബസ് ഡ്രൈവർമാരിൽ ഉണ്ടായേക്കാവുന്ന കേൾവിക്കുറവ് നിർണയിക്കുകയും ചെയ്യുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ പറഞ്ഞു.