മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു.
നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്.
നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും.
ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെബ്സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു.