ആഗോള തീന്മേശകളില് കേരള രുചിയുമായി റാവിസ്: സുരേഷ് പിള്ള മുഖ്യ ഷെഫ്
ലോകമെമ്പാടും കേരളീയ ഭക്ഷണത്തിന്റെ മേന്മ പടർത്താൻ കേരളീയം ബ്രാൻഡ് എന്ന ലക്ഷ്യത്തോടെ ഹോട്ടൽ റാവിസ്. ഇതിന്റെ ആദ്യപടിയായി ബിബിസിയുടെ മാസ്റ്റർ ഷെഫ് മത്സരത്തിൽ മത്സരാർഥിയായ ആദ്യ മലയാളി ഷെഫ് സുരേഷ് പിള്ള പ്രധാന ഷെഫായി റാവിസിൽ ചുമതലയേറ്റു. കേരളത്തിെന്റെ പ്രത്യേകിച്ച് കൊല്ലത്തിന്റെ പ്രധാന മത്സ്യമായ കരിമീനിനെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കരിമീൻ ക്ലബ്, റാവിസിലെ പുതിയ ഫുഡ് മെനു എന്നിവയുടെ ലോഞ്ചിങ് റാവിസിൽ നടന്ന ചടങ്ങിൽ ഉടമ രവി പിള്ള, എൻ.കെ പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
14 വർഷത്തോളമായി ലണ്ടനിൽ ജോലി നോക്കുകയായിരുന്ന ഷെഫ് സുരേഷ് പിള്ള രവി പിള്ളയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സ്വന്തം നാടായ കൊല്ലത്തെത്തിയത്. ചവറ തെക്കുംഭാഗം സ്വദേശിയായ അദ്ദേഹം ആരോഗ്യകരവും രുചിയുള്ളതുമായ ഭക്ഷണം സന്ദർശകർക്കായി ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. കുമരകം, അഷ്ടമുടി കായലുകളിലെ കരിമീനിനൊപ്പം ഔദ്യോഗിക ഫലമായ ചക്കയുടെ പ്രചരണത്തിനായും റാവിസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഒരുങ്ങുകയാണ്.