Short Escapes

ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..

മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ്‌ ഫാം തയ്യാര്‍

പ്രത്യേകതകള്‍

45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ്‌ ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ടോപ്പ് കവര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ടിവി ചിത്രം

ഭക്ഷണം
മീന്‍ ഫാമില്‍ മീന്‍ കറി തെരയേണ്ട കാര്യമില്ല. നല്ല പെടപെടയ്ക്കുന്ന മീന്‍ തീന്‍ മേശയിലെത്തും. ഫാമിലേക്ക് കയറിയാല്‍ പാനീയം സൗജന്യമായി ലഭിക്കും. ഫാമിലെ മത്സ്യങ്ങള്‍ അടങ്ങിയ മീന്‍ കറിയുമായി ഉച്ചയൂണ് സൗജന്യമാണ്. ജലാശയങ്ങളുടെ നടുവില്‍ മുളക്കുടിലുകളുണ്ട്.ഇവിടിരുന്നും ഭക്ഷണം കഴിക്കാം. ചൂണ്ടയിടാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതും ചെയ്യാം. പക്ഷെ ചൂണ്ടയില്‍ കുരുങ്ങുന്ന മീനിനെ വീട്ടില്‍ കൊണ്ട് പോകണമെങ്കില്‍ അതിനു പണം നല്‍കണം. തിരുത, കരിമീന്‍,പൂമീന്‍, തിലാപ്പിയ എന്നിവയാണ് ഫാമില്‍ കാണുന്ന മീനുകള്‍.

പ്രവേശന ഫീസ്‌

ഫാമിന്‍റെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ്. വാരാന്ത്യം ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവേശന ഫീസ്‌ ഒരാള്‍ക്ക്‌ 250 രൂപയാണ്. വാരാന്ത്യത്തില്‍ മുന്നൂറു രൂപ നല്‍കണം. ഉച്ച ഭക്ഷണം ഒഴിവാക്കി വൈകിട്ട് മൂന്ന് മുതല്‍ ഫാമില്‍ പ്രവേശിക്കാന്‍ സാധാരണ ദിവസങ്ങളില്‍ നൂറു രൂപയും വാരാന്ത്യത്തില്‍ 150 രൂപയും നല്‍കണം.

വരാനിരിക്കുന്നത് എന്തൊക്കെ?

ഞാറയ്ക്കല്‍ ഫിഷ്‌ ഫാം നവീകരിക്കാന്‍ മത്സ്യഫെഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 48 കോടി രൂപ. പന്ത്രണ്ടു കോടി ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായാലുടന്‍ ഫിഷ്‌ ഫാമില്‍ സംഗീത ജലധാരയും അക്വാ ഷോയും ഒരുക്കും.ഫാമിന്റെ തീരങ്ങള്‍ വര്‍ണ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും.

എങ്ങനെ എത്താം

ബസ്‌ മാര്‍ഗം: എറണാകുളത്ത് നിന്നും നിന്നും ഞാറയ്ക്കലേക്ക് ബസ് ലഭിക്കും.

റയില്‍ മാര്‍ഗം : എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകള്‍

വിമാനമാര്‍ഗം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുക

ഡ്രൈവ് ചെയ്തു പോകാം: എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ വല്ലാര്‍പാടം-വൈപ്പിന്‍,പറവൂര്‍ റോഡ്‌ എടുക്കുക.ഗോശ്രീ പാലം കടന്ന് വലത്തേക്ക് എല്‍എന്‍ജി സര്‍ക്കിള്‍ എടുത്ത് അഞ്ചു കിലോമീറ്റര്‍ പോയാല്‍ ഞാറയ്ക്കല്‍ ആശുപത്രി ജംഗ്ഷനായി. ഇവിടെനിന്ന് ഇടത്തേക്ക് ആറാട്ടുപുഴ ബീച്ച് റോഡില്‍ പോവുക.