Tech

ഭീമന്‍ തുക പിഴയടപ്പിച്ച് ഫെയിസ്ബുക്ക് പൂട്ടിക്കുമോ…?

ഫെയ്സ്ബുക്കിന്‍റെ ഡാറ്റാ ചോര്‍ത്തൽ കേസിൽ അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്.

ഫെയ്‌സ്ബുക്കിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍.

സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് പറയുന്നത്.

പ്രമുഖ അമേരിക്കന്‍ ദിനപ്പത്രമായ വാഷിങ്ട്ണ്‍ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തിയ അമേരിക്കക്കാരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കു വച്ചാണ് എഫ്ടിസിക്കു വേണമെങ്കില്‍ 7.1 ലക്ഷം കോടി ഡോളര്‍ വരെ പിഴയിടാമെന്ന് കണക്കു കൂട്ടിയിരിക്കുന്നത്. അമേരിക്കയ്ക്ക് വേണമെങ്കില്‍ പിഴയിട്ടു കമ്പനി പൂട്ടിക്കാം. അത്ര ശക്തമാണ് അമേരിക്കന്‍ നിയമങ്ങള്‍. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് സ്വന്തം വെര്‍ച്വല്‍ രാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിയ സക്കര്‍ബര്‍ഗ് ആദ്യമായി അമേരിക്കന്‍ നിയമത്തിന്റെ ചൂടറിയാനുള്ള സാധ്യതയും ഉണ്ട്.