Kerala

ആലുവ മെട്രോസ്റ്റേഷന് പുതിയ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു

വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് മെട്രോ സ്റ്റേഷന് പിന്നില്‍ പുതിയ പാര്‍ക്കിങ് ഏരിയ തയ്യാറാകുന്നു.

62 സെന്റോളം വരുന്ന ഭൂമി ഇതിനായി നേരത്തെതന്നെ മെട്രോ ഏറ്റെടുത്തിരുന്നു. 200 കാറുകള്‍ വരെ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ചുറ്റുമതില്‍, കാന എന്നിവയുടെ പണികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്.

ഇതിനു ശേഷം മണ്ണിട്ട് ഭൂമി നിരപ്പാക്കും. ഇവിടെ ടൈല്‍ വിരിച്ചാണ് പാര്‍ക്കിങ് ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷന് തെക്കുഭാഗത്ത് മാത്രമാണ് പാര്‍ക്കിങ് സൗകര്യം ഉള്ളത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത 20 സെന്റോളം വരുന്ന ഭൂമിയിലാണ് ഇത്.

വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ഇവിടെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. നിരവധി കാറുകളാണ് ഒരേ സമയം പാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. പുതിയ സൗകര്യമൊരുങ്ങുന്നതോടെ വലിയ ടൂറിസ്റ്റ് ബസുകള്‍ക്കടക്കം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മെട്രോ ഷോപ്പിങ് മാളും ആലുവ മെട്രോ സ്റ്റേഷനില്‍ ഒരുങ്ങുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ പാര്‍ക്കിങ് കേന്ദ്രം ഒരുക്കുന്നത്.