News

സൗദി അറേബ്യ കാൻ ഫെസ്റ്റിവലിലേക്ക്​

സൗദി അറേബ്യ ചരിത്രത്തില്‍ ആദ്യമായി കാൻ ഫിലിം ഫെസ്​റ്റിവലിൽ പങ്കെടുക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയിൽ പ്രവേശനം ലഭിക്കുകവഴി സൗദിയിലെ സിനിമപ്രവർത്തകർക്ക്​ തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണ്​ ഒരുങ്ങുന്നത്​.

71മത്​ കാൻ ഫെസ്​റ്റിവൽ മേയ്​ മാസം എട്ടുമുതൽ 19 വരെയാണ്​ നടക്കുക. സൗദി ജനറൽ കൾച്ചർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സൗദി ഫിലിം കൗൺസിൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്​. കിങ്​ അബ്​ദുൽ അസീസ്​ സെന്‍റര്‍ ​ഫോർ വേൾഡ്​ കൾച്ചർ നിർമിച്ച പരീക്ഷണ സിനിമയായ ‘ജൂദ്​’ കാനിലേക്ക്​ സമർപ്പിച്ചിട്ടു​ണ്ടെന്നാണ്​ സൂചന.

ആൻഡ്രൂ ലങ്കാസ്​റ്റർ സംവിധാനം ചെയ്​ത ഇൗ ചിത്രം ജിദ്ദ, തബൂക്ക്​, ഹാഇൽ എന്നിവിടങ്ങളിലാണ്​ ചിത്രീകരിച്ചത്​. ഇസ്​ലാമിന്​ മുമ്പുള്ള കാവ്യങ്ങളിൽ നിന്നാണ്​ ചിത്രത്തി​​​ന്‍റെ ഇതിവൃത്തം ഉരുത്തിരിഞ്ഞത്​. സഫിയ അൽമർറി, ഹുസ്സാം അൽഹുൽവ എന്നിവരുടേതാണ്​ തിരക്കഥ.