കൊല്ലം പൂരം ഇന്ന്; നഗരത്തില്‍ ഗതാഗത നിയന്ത്രണം
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം ഇന്ന്. രാവിലെ ഒന്പതുമുതൽ 11 വിവിധ ക്ഷേത്രങ്ങളിൽ നിന്ന് വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ പൂരം എഴുന്നെള്ളത്ത് ക്ഷേത്ര സന്നിധിയിൽ എത്തും.
ഉച്ചയ്ക്ക് 12മുതൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും ഗുരുവായൂർ മോഹനവാര്യരുടെയും നേതൃത്വത്തിൽ 150-ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന മേളം. ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരം 4.15നും മധ്യേ കൊടിയിറക്കം.
വൈകുന്നേരം 4.30മുതൽ കെട്ടുകാഴ്ചകൾ, .
അഞ്ചിന് നടക്കുന്ന പൂരം സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 5.30ന് ആശ്രാമം മൈതാനിയിൽ കുടമാറ്റം ആരംഭിക്കും. 40 ആനകൾ പങ്കെടുക്കും. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും പൂരം നടത്തുക.
പൂരത്തിന് എഴുന്നെള്ളിപ്പ് സമയത്ത് ആനകൾ വരുന്ന വഴി നനയ്ക്കും. ആവശ്യമായ സ്ഥലങ്ങളിൽ ആനകൾക്ക് തണലിനായി സൗകര്യമൊരുക്കും. മതിയായ വിശ്രമം നൽകുന്ന ആനകളെ മാത്രമേ പൂരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്നും സംഘാടകർ വ്യക്തമാക്കി.
കൊല്ലം പൂരം 1992-ലാണ് ആരംഭിച്ചത്. ഇപ്പോൾ 26 വർഷം പിന്നിട്ടു. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായാണ് കൊല്ലം പൂരം കണക്കാക്കപ്പെടുന്നത്. പൂരം കാണാൻ രണ്ടുലക്ഷം പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംസ്ഥാന ടൂറിസം വകുപ്പ് രണ്ടുലക്ഷം രൂപ സംഘാടനത്തിന് നൽകുന്നുണ്ട്.
കൊല്ലത്ത് ഗതാഗത നിയന്ത്രണം
പൂരത്തോട് അനുബന്ധിച്ച് പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. താലൂക്ക് ഭാഗത്ത് നിന്നും കടപ്പാക്കട ഭാഗത്തേയ്ക്കും തിരിച്ചും 16ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ലിങ്ക് റോഡ് വഴി പൊതു ഗതാഗതം ഉണ്ടായിരിക്കുന്നതല്ല. ഇത് വഴി പോകേണ്ട വാഹനങ്ങൾ ചിന്നക്കട ശങ്കേര്‍സ് വഴി പോകണം.
പൂരം കാണുവാനായി കടപ്പാക്കട ഭാഗത്ത് നിന്നും എത്തുന്ന വാഹങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിലും മുനീശ്വരൻ കോവില്‍ ഭാഗത്ത് നിന്നും വരുന്ന വാഹങ്ങൾ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. ആശ്രമം ക്ഷേത്ര ഭാഗത്തേക്ക് മൂന്നു മുതല്‍ സര്‍വീസ് വാഹനങ്ങൾ കയറ്റിവിടുന്നതല്ലന്നും പൊലീസ് അറിയിച്ചു.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിലേക്ക് പൂരം നടക്കുന്ന ഗ്രൗണ്ടിലും ആശ്രാമം ക്ഷേത്രത്തിലും മറ്റ് ഇടങ്ങളിലും സി സി ടി വി കാമറകൾ സ്ഥാപിക്കുകയും 50 ഷാഡോ പോലീസിനെ വിന്യസിക്കും. പൂരം ഗ്രൗണ്ടിൽ വെടികെട്ടുകളോ മറ്റ് ഫയർ വര്‍ക്കുകളോ നടത്തുവാൻ പാടില്ല. പൂരം ഗ്രൗണ്ടിലും പരിസരത്തും ലേസർ ലൈറ്റോ ലേസര്‍ ഉപകരണങ്ങളോ കൊണ്ട് വരുവാൻ പാടില്ലെന്നും പൊലീസ് അറിയിച്ചു.