ശാസ്താംകോട്ട വിളിക്കുന്നു..സഞ്ചാരികളേ ഇതിലേ..ഇതിലേ ..
സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഞ്ചാരികളെ മാടിവിളിക്കുന്നു.
ശുദ്ധജല തടാക കരയില്‍ ടൂറിസത്തിനു ഏറെ സാധ്യത. വേനല്‍ അവധി തുടങ്ങിയപ്പോഴേക്കും തടാകത്തിന്റെ സൌന്ദര്യവും സംശുദ്ധിയും മനസ്സിലാക്കാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നു . മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തെളിനീര് ജലമാണ് ശാസ്താംകോട്ടയിലേത്. ഇവിടെ കുളിക്കുവാനും തടാക കരയിലുള്ള കുന്നുകളുടെയും കുറ്റി ചെടികളുടെയും സൌന്ദര്യം വള്ളത്തിലിരുന്ന് ആസ്വദിക്കാനുമാണ് ഏറെ പേരും എത്തുന്നത് . എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തുലോം കുറവാണ്. സൌകര്യപ്രദമായ ഇരിപ്പിടങ്ങളോ,ശുചിമുറികളോ , കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളോ ഇല്ലാത്തത് ശാസ്താംകോട്ട തടാകത്തിലെ ടൂറിസത്തിനു മങ്ങലേല്‍പ്പിക്കുന്നു . ഇന്ന് പല പ്രദേശങ്ങളിലും കൃത്രിമ പാര്‍ക്കുകളും വെള്ളചാട്ടങ്ങളും ഉണ്ടാക്കി വിദേശ നാടന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ അത്തരം ഒരു സാധ്യത ഇവിടെയും ചെയ്യാം . ഇതിലൂടെ ലഭിക്കുന്ന വരുമാനം തടാകത്തിന്റെ സംരക്ഷണത്തിനായും ചെലവഴിക്കാം .
23 വര്‍ഷം മുന്‍പ് തന്നെ തടാകത്തിന്റെ സൌന്ദര്യം വിദേശികള്‍ കണ്ടറിഞ്ഞതാണ് . ജര്‍മന്‍ സ്വദേശി ഹാന്‍സ് ബോള്ഡ്മാനും ഭാര്യ കൊട്ടാരക്കര സ്വദേശി ഏലീയാസായും കൂടി തടാകത്തിന്റെ കുളിര്‍മയും സൌന്ദര്യവുമിഷ്ടപ്പെട്ടു 1995 മുതല്‍ ദേവസ്വം ബോര്‍ഡ് കോളേജിന് കിഴക്കു വശത്തു വീട് വെച്ച് ഏറെ കാലം താമസിച്ചു . ഇത് വെറുമൊരു തടാക കരയല്ലന്നും ‘ വിനോദ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്’ എന്നുമാണ് ഹാന്‍സ് ബോള്ഡ്മാന് അന്ന് അഭിപ്രായപ്പെട്ടത്. . ഇവിടുത്തെ തടാക കുന്നുകള്‍ പണ്ട് മുതല്‍ തന്നെ ഏറെ പ്രസിദ്ധമാണ് 1971 ലെ ;ലോക സര്‍വ മത സമ്മേളനവും 1958 ലെ പ്രസിദ്ധമായ പട്ടാള പരിശീലന ക്യാമ്പും ഇവിടെയാണ് നടന്നത് .
കുന്നുകളും കുറ്റിച്ചെടികളും കൊണ്ട് സമ്പുഷ്ടമായ തടാക തീരവും , കായല്‍ ചുറ്റി കാണുവാനുമുള്ള തുഴച്ചില്‍ ബോട്ടുകളും ആണ് ഇന്നുള്ളത് . പാരിസ്ഥിതിക സൌഹാര്‍ദ്ദമായ ഇക്കോ ടൂറിസമാണ് തടാകത്തിനു ഏറെ അനുയോജ്യം . തീരം നിറയെ പുഷ്പ വൃക്ഷങ്ങളും , പൂന്തോട്ടങ്ങളും , പാര്‍ക്കുകളും മലമ്പുഴയിലേതു പോലെ റോപ്പ് വേയും സ്ഥാപിക്കാന്‍ പറ്റിയ സ്ഥലവുമാണ് . കായിക ഇനങ്ങളായ കയാക്കിങ്ങും , കനോയിങ്ങും പരിശീലിപ്പിക്കാന്‍ സാധിക്കും .
ജില്ലയിലെ 70 ശതമാനത്തോളം ജനങ്ങള്‍ക്കും കുടിനീര് നല്‍കുന്നത് ഇവിടെ നിന്നുമായതിനാല്‍ അശുദ്ധമാകാതെ വേണം ടൂറിസം നടപ്പാക്കാന്‍. അതുകൊണ്ടു തന്നെ യന്ത്രം ഘടിപ്പിച്ചുള്ള ബോട്ടുകളും ഉപയോഗിക്കാന്‍ കഴിയില്ല .കൂടാതെ തടാക സംരക്ഷണത്തിന് മുഖ്യ പങ്ക് വഹിക്കേണ്ട പരിസര വാസികള്‍ക്ക് ടൂറിസത്തിന്റെ സാധ്യതയും വികസനത്തെയും പറ്റി കൃത്യമായ ധാരണയും കൂടി ഉണ്ടാക്കിയാല്‍ ജില്ലയില്‍ തെന്മലയും , ജടായു പാറയും , കൊല്ലവും , അഴീക്കലും പോലെ ടൂറിസം കേന്ദ്രമായി ശാസ്താംകോട്ടയും മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.