ജലരഹിത ദിനം പടിക്കലെത്തി: വരണ്ടുണങ്ങുമോ ഇന്ത്യ?

ഹരിത ഭൂമിയെന്ന ഭാരതത്തിന്റെ വിളിപ്പേര് ഓര്‍മകള്‍ മാത്രമാകാന്‍ പോകുന്നു. രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2013 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചപ്പോള്‍ കുടിക്കുവാന്‍ പോലും വെള്ളം തികയാതെ മനുഷ്യര്‍ പര്‌സ്പരം കലഹിക്കുന്ന കേപ് ടൗണ്‍ പോലെ ജലരഹിത ദിനം ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ലോകത്തു വെള്ളമില്ലാതാകാന്‍ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബെംഗളൂരുവിലെ ശുദ്ധജല തടാകങ്ങളിലെ 85% വെള്ളവും കുടിക്കാന്‍ യോഗ്യമല്ലാതായെന്നു കഴിഞ്ഞ മാസം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു

കേരളവും വരള്‍ച്ചാ പേടിയില്‍


മഴ ലഭ്യതയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളത്തിന് ലോകത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും ശക്തമായ മഴത്തുള്ളികള്‍ ലഭിക്കുന്നത് കേരളത്തിലാണെന്നു പറയപ്പെടുന്നു. പക്ഷേ, ജല ഉപയോഗത്തില്‍ മലയാളികള്‍ ധൂര്‍ത്തരാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു. കേരളത്തിലെ നഗരങ്ങളില്‍ ഒരാള്‍ ഒരുദിവസം 300 ലീറ്റര്‍ വരെ വെള്ളം ഉപയോഗിക്കുണ്ടെന്നാണു കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളില്‍ ഇതു 150-200 ലീറ്റര്‍ വരെയാണ്. ഇതുകൂടാതെ ജലസേചനത്തിനായി നാം ഉപയോഗിക്കേണ്ട വെള്ളത്തിന്റെ അളവിനെക്കാള്‍ ഇരട്ടി മടങ്ങാണ്. ജലസമൃതിയുടെ നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം ഇപ്പോള്‍ തന്നെ വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുന്നുണ്ട്.