News

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച  സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്.

കെഎസ്ആര്‍ടിസി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയുണ്ടായതോടെ രണ്ടു സര്‍വീസുകളും തമ്മില്‍ അനാവശ്യ മത്സരം ഉണ്ടായി. ഇതു സംബന്ധിച്ച പരാതി കെഎസ്ആര്‍ടിസി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. സ്വകാര്യ ഓര്‍‌ഡിനറി ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 2.15 മിനിട്ടെന്ന സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്നാണ് സൂചന.  ഈ മാസം 21 ന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ സമയക്രമം തീരുമാനിക്കും.

അതേസമയം, 2015 ഓഗസ്റ്റ് 20ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ സൂപ്പര്‍ ക്ലാസ് വിഭാഗത്തില്‍ സര്‍വീസ് നടത്തിയിരുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി വിഭാഗത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടില്‍ അതേസമയത്ത് അതേ സ്റ്റോപ്പില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. ഇത് കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. കൂടാതെ കുറഞ്ഞ സ്റ്റോപ്പുകളുള്ള കെഎസ്ആര്‍ടിസി ബസുകളുടെ റണ്ണിങ് സമയം കൂട്ടുകയും കൂടുതല്‍ സ്റ്റോപ്പുകളുള്ള സ്വകാര്യ ലിമിറ്റഡ് ഓര്‍ഡനറി സര്‍വീസുകളുടെ റണ്ണിങ് സമയം കുറയ്ക്കുകയും ചെയ്തു.

കാലാവധി പൂര്‍ത്തിയാക്കുന്ന സ്വകാര്യ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുത്തു നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള 245 സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു. പെര്‍മിറ്റ് നഷ്ടപ്പെട്ട സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓര്‍ഡിനറി സര്‍വീസ് നടത്താനേ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഓര്‍ഡിനറി ബസുകള്‍ക്ക് പരമാവധി സഞ്ചരിക്കാവുന്ന ദൂരം 140 കിലാമീറ്ററാണ്.