News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു

മുംബൈ ബാന്ദ്ര കുർള കോംപ്‌ളക്സിൽ നിന്നും അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷന്‍ ആയ താനെയിലേക്കുള്ള നിരക്ക് 250 രൂപയാണ്. ബികെസിയിൽനിന്നു പുറപ്പെടുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പാണു താനെ. വെറും 15 മിനിറ്റ‌ുകൊണ്ട് 250 രൂപയ്ക്കു ബുള്ളറ്റ് ട്രെയിനിൽ താനെയിൽ എത്താം. ഇവിടേക്കുള്ള ടാക്‌സി യാത്രയ്ക്ക് ഏതാണ്ട് 650 രൂപ വേണ്ടിവരും.

2022ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍റെ യാത്രാനിരക്കുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പലതുണ്ടായിരുന്നെങ്കിലും ആദ്യ ഔദ്യോഗിക സൂചന ഇന്നലെയാണു ലഭിച്ചത്. ബുള്ളറ്റ് ട്രെയിനിലെ സാധാരണ കോച്ചുകളിലെ യാത്രാനിരക്ക് 250-3000 രൂപ നിരക്കിൽ ആയിരിക്കുമെന്നു നിർമാണ ചുമതലയുള്ള നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (എൻഎച്ച്എസ്ആർസിഎൽ) മാനേജിങ് ഡയറക്ടർ അച്ചാൽ ഖരെ ഇന്നലെ ഡൽഹിയിൽ പറഞ്ഞു.

ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നിരക്കുകൾ. പത്തു കോച്ചുള്ള ട്രെയിനിൽ ഒരെണ്ണം ബിസിനസ് ക്ലാസ് കോച്ചാക്കും. അതിലെ നിരക്ക് മൂവായിരത്തിനു മുകളിൽ വരും. ഈ വർഷം ഡിസംബറോടെ അതിവേഗ റെയിലിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും. 1,415 ഹെക്ടർ ഭൂമിയാണു പദ്ധതിക്ക് ആവശ്യമുള്ളത്. ഇതിനായി 10,000 കോടി ചെലവഴിക്കും.