‘ബസ്‌ ഓണ്‍ ഡിമാന്‍ഡ്’ സര്‍വീസ് നാളെ മുതല്‍

ബസ് ഓൺ ഡിമാൻഡ് പദ്ധതി ദുബൈയില്‍ നാളെ ആരംഭിക്കും. മൂന്നുമാസത്തെ പരീക്ഷണ ഓട്ടമാണ് നടത്തുന്നത്. യാത്ര സൗജന്യമായിരിക്കും. ദുബൈ മീഡിയാ സിറ്റിയിൽനിന്നായിരിക്കും കന്നിയാത്ര. ഇതു സംബന്ധിച്ച മൊബൈൽ ആപ്ലിക്കേഷനായ എംവിമാന്‍റ്  വഴി ബസിന്‍റെ റൂട്ടും നിർത്തിയിടുന്ന സ്ഥലവും അറിയാനാവും.

ആവശ്യക്കാരന്‍റെ അടുത്തെത്തുന്ന ബസ് സേവനത്തിനു മാത്രമായി ആർടിഎ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനാണ് എംവിമാന്‍റ്. സേവനം ആവശ്യപ്പെടുന്നവരുടെ അടുത്തെത്തുന്ന മിനി ബസ് തൊട്ടടുത്ത് പൊതുഗതാഗതം ലഭ്യമാകുന്ന സ്ഥലത്തു യാത്രക്കാരെ എത്തിക്കും. ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് പദ്ധതിയുടെ ഭാഗമായാണു നൂതന സേവനമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു.

നഖീൽ ഹാർബർ ആൻഡ് ടൗൺ, അമേരിക്കൻ യൂണിവേഴ്സിറ്റി, ദുബായ് കൊമേഴ്സ്യൽ ബാങ്ക്, അറോറ ടവർ എന്നിവിടങ്ങളിലായിരിക്കും തുടക്കത്തിൽ ബസ്‌ സര്‍വീസ്. പിന്നീട് റോയിട്ടേഴ്സ് ഏജൻസി, സിഎൻഎൻ ബിൽഡിങ്, സാംസങ്, എസ്എപി, ഐടിപി മീഡിയ, കോൺറാഡ് ടവേഴ്സ്, ജുമൈറ പാം ട്രാം സ്റ്റേഷൻ, ടീകോം ബിസിനസ് പാർക്ക്, മാസ്റ്റർ കാർഡ്, ഐബിഎം, ഒറക്കിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, അബുദാബി ഇസ്‌ലാമിക് ബാങ്ക് എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് നീട്ടും.

മെട്രോ, ട്രാം തുടങ്ങി പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവർക്കു ബസ് ഓൺ ഡിമാൻഡ് കൂടുതൽ പ്രയോജനം ചെയ്യുമെന്നു ബഹ്റൂസിയാൻ പറഞ്ഞു. ഗുഗിൾ പ്ലേ, ആപ് സ്റ്റോറുകളിൽനിന്ന് എംവിമാന്‍റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 18 സീറ്റുള്ള ബസുകൾ യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും യാത്രയും സമയവും ക്രമീകരിക്കുക. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് സ്ഥലം എത്താറായ വിവരം ഡ്രൈവർ ആപ് വഴി യാത്രക്കാരെ ഓര്‍മപ്പെടുത്തും.

പരീക്ഷണകാലത്തിനുശേഷം സേവനത്തിനു പണം നൽകേണ്ടിവരും. ആപ്ലിക്കേഷൻ വഴി തന്നെ പുറപ്പെടുന്ന സ്ഥലവും യാത്ര അവസാനിക്കുന്ന സ്ഥലവും നൽകിയാൽ എത്ര തുകയാണെന്നറിയാം. ഓൺലൈൻ വഴി തന്നെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് അടയ്ക്കാം. യാത്രക്കാരിൽ അഭിപ്രായ സർവേ നടത്തിയശേഷമാണു ബസ് ഓൺ ഡിമാൻഡ് ആരംഭിച്ചതും സ്ഥലങ്ങൾ തിരഞ്ഞെടുത്തതും.