വിഷുവിന് വിളമ്പാം വിഷുകട്ട
വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി.
ആവശ്യമുള്ള സാധനങ്ങള്‍
1.അരി – 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം – കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് – പത്തെണ്ണം
5.ഉണക്ക മുന്തിരി – പത്തെണ്ണം
6.നെയ്യ് – ആവശ്യത്തിന്
7.ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ. തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് പാകമാകുന്നകതു വരെ കാത്തിരിക്കുക. വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വിതരണം ചെയ്യാം.