സൂപ്പര്‍ ബൈക്കുകളുടെ വിലകുറച്ച് ഹോണ്ട
ഇന്ത്യയില്‍ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പര്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. സിബിആര്‍ 1000 ആര് ആര് മോഡലുകള്‍ക്ക് 2.01 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ 25 ശതമാനം കുറച്ചതാണ് വില കുറയാനുള്ള കാരണം.
ഇതോടെ നേരത്തെ 16.79 ലക്ഷം രൂപയായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ മോഡലിന്റെ വില 2.01 ലക്ഷം രൂപ കുറഞ്ഞ് 14.78 ലക്ഷത്തിലെത്തി. 21.22 ലക്ഷം രൂപ വിലയുണ്ടായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ എസ്പി മോഡലിന് 2.54 ലക്ഷം രൂപ കുറഞ്ഞ് 18.68 ലക്ഷം രൂപയായി. സിബിആര്‍ 1000 ആര് ആര്‍ന്റെ പുതുതലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട ഇന്ത്യയിലെത്തിച്ചത്.
999 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്ജിന് 13000 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി പവറും 11000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. മുന്മോഡിലിനെക്കാള് 16 കിലോഗ്രാം ഭാരം കുറച്ചാണ് പുതിയ സിബിആര്‍ 1000 ആര്‍ആര്‍ നിരത്തിലെത്തിയിരുന്നത്.
ഹോണ്ടയ്ക്ക് പുറമേ ബിഎംഡബ്യു, ഹാര്‍ലി ഡേവിഡ്സണ്, ഡ്യുക്കാട്ടി തുടങ്ങിയ വാഹന നിര്‍മാതാക്കളും പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ വില നേരത്ത കുറച്ചിരുന്നു.