കാഴ്ച്ചകളുടെ പെരുമയുമായി പേര്യ

വയനാടന്‍ ഗ്രാമ ജീവിതത്തിന്റെ തനിരൂപങ്ങള്‍ പകര്‍ന്ന് കാത്തു നില്‍ക്കുന്ന നാട്. അതിനോട് തോള്‍ ചേര്‍ന്ന് കിടക്കുന്ന കാട്. അവയില്‍ സ്പന്ദിക്കുന്ന ജൈവഭംഗിയെ ഒരു കൈക്കുമ്പിളില്‍ എന്ന പോലെ കാത്തു സൂക്ഷിക്കുന്ന ഒരു കന്യാവനം. അവിടെ കാത്തിരിക്കുന്ന ജൈവ വൈവിധ്യത്തിന്റെ നിറഭേദങ്ങള്‍ അനവധിയാണ്.

വയനാടിന്റെ വടക്കാണ് പേര്യ എന്ന ഗ്രാമം. അവിടെ ജര്‍മ്മന്‍ പൗരനായ വോള്‍ഫ് ഗാംഗ് തിയോക്കോഫ് എന്ന മനുഷ്യന്‍ തന്റെ ജീവിതം മുഴുവന്‍ ദാനം ചെയ്തു നിര്‍മ്മിച്ച ഗുരുഗുല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മാനന്തവാടിയില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗാര്‍ഡനില്‍ എത്താം.

വഴി നീളെ തേയിലത്തോട്ടങ്ങളും വയലുകളും മലകളും കുന്നുകളും കാണാം. ഒപ്പം ഒരു ചെറുപുഞ്ചിരിയോടെ കുശലം പറഞ്ഞ് അടുപ്പം കൂടുന്ന നന്മ നിറഞ്ഞ നാട്ടുകാരും.
കാട്ടിലൂടെ നീങ്ങുന്ന ടാറിട്ട വഴി പിന്നെ ഇടുങ്ങിയ ചെമ്മണ്‍പാതയാവും. ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചപ്പിനിടയിലൂടെ, പകല്‍പോലും ഇരുള്‍ വീണ് കിടക്കുന്ന വഴി പിന്നിട്ട് ചെല്ലുമ്പോള്‍ കാണാം ചെങ്കല്‍പ്പടവുകള്‍ വെട്ടിക്കയറ്റിയ ഗുരുകുല്‍ ഉദ്യാനം.

മരങ്ങളും ചെടികളും നിറഞ്ഞ ഒരു വനമാണ് ഗുരുകുല്‍ ഉദ്യാനം. ഇവിടെ അനേകം വര്‍ഗങ്ങളില്‍പ്പെട്ട സസ്യങ്ങളും, പുല്ല്വര്‍ഗങ്ങളും, ഓര്‍ക്കിഡുകളും, മറ്റ് പൂച്ചെടികളുമെല്ലാം വളര്‍ന്നു നില്‍ക്കുന്നു അന്‍പതോളം ഏക്കര്‍ ഭൂമിയില്‍. കിളികളും ശലഭങ്ങളും നിറഞ്ഞ ഇടം. ഓരോ മരത്തിനും പുല്‍ക്കൊടിക്കും പോലും ഇവിടെ ഓരോ പാഠങ്ങള്‍ നമുക്ക് പറഞ്ഞു തരാനുണ്ട്. പ്രകൃതിയുടെ തനത് ഭംഗി ആസ്വദിച്ച് അതില്‍ മുഴുകി ഒരു ദിനം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്.