News

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും.

ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും.

അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിങ് നടത്താന്‍ സാധിക്കും. ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്.

ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ് നടത്തുന്നത്.