990 രൂപയ്ക്ക് കന്യാകുമാരി ചുറ്റിവരാം
കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും.
നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു യാത്ര പോകും വഴി കേരളത്തിന്റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം.
പാറശ്ശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നാണ് പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്. ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് പ്രത്യേക നിരക്കുണ്ട്.
ഒരു മണിയോട് കൂടി ടൂർ ബസ് കന്യാകുമാരിയിലെത്തും. അവിടെ നിന്നും ഉച്ച ഭക്ഷണം കഴിക്കും. രണ്ട് മണിമുതൽ 5.45 വരെ കന്യാകുമാരി കാണാനുള്ള സമയം കിട്ടും. കരയില്‍ ഗാന്ധി മണ്ഡപം സന്ദർശിക്കാം. കടലിന്റെ തീരത്തായി തന്നെ ദേവീ കന്യാകുമാരിയുടെ ക്ഷേത്രവുമുണ്ട്. അൽപം കടൽക്കാറ്റേറ്റ് നേരേ ബോട്ട് യാത്രയ്ക്ക് പോകാം. 34 രൂപയാണ് ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്.
വലിയ ബോട്ടിൽ പൂർണ സുരക്ഷാസംവിധാനങ്ങളുമായി 3 മിനിറ്റ് കടലിലൂടെ സഞ്ചരിക്കുമ്പോൾ വിവേകാന്ദപ്പാറയിലെത്താം. അവിടെ നിന്നും 20 രൂപ ടിക്കറ്റ് എടുത്ത് വിവേകാനന്ദപ്പാറ കയറാം. ഇവിടെ നിന്നും നോക്കിയാല്‍ കന്യാകുമാരി ദേവിയുടെ ക്ഷേത്രവും ഗാന്ധി സ്മാരകവും തൊട്ടടുത്ത് തിരുവള്ളൂവറിന്റെ 133 അടി ഉയരമുള്ള പ്രതിമയും കാണാം.
വിവേകാന്ദപ്പാറയിൽ അൽപസമയം ചിലവഴിച്ച ശേഷം അടുത്ത ബോട്ടിൽ കയറി തിരുവള്ളൂവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിലേക്ക് പോകാം. തിരുവള്ളുവറിന്റെ ശിലാപ്രതിമ രണ്ടായിരത്തിലാണ് അനാച്ഛാദനം ചെയ്തത്. തിരുവള്ളുവർ പ്രതിമയുടെ അടുത്തെത്താൻ മുകളിലേക്ക് പടവുകളുണ്ട്. ഇവിടുത്തെ കാഴ്ചകള്‍ കണ്ടു കഴിഞ്ഞാല്‍ ആറുമണിക്ക് തിരുവനന്തപുറത്തേയ്ക്ക് മടങ്ങും. ഇടയ്ക്ക് കെടിഡിസി പാറശ്ശാലയിൽ രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങും. മസ്കറ്റ് ഹോട്ടല്‍, ചൈത്രം ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ടൂര്‍ അവസാനിക്കുക.