ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേയ്ക്കും

ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴില്‍ അവസരങ്ങള്‍ വീണ്ടും കുറയുമെന്നും സൂചന നല്‍കി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതല്‍ 87 തസ്തികകളിലേക്കാണ് വിസ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്.

എന്നാല്‍, ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 20000 പേര്‍ക്ക് ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു.

മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളില്‍ വിസ നിരോധനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ പരാചയപ്പെട്ട കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പേരാണു തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത് കമ്പനികളുടെ പുതിയ റിക്രൂട്ട്‌മെന്റും നിലച്ചിരിക്കുകയാണ്.