India

ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ

ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു.
ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും.

പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും.
രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. യമുന നവീകരണ പദ്ധതിക്കും തുക വകയിരുത്തി. വസന്ത് കുഞ്ജ് മേഖലയിലെ വസന്ത് ഉദ്യാന്‍ വികസനവും ലക്ഷ്യമിടുന്നു. സുല്‍താന്‍ഗഡി ശവകുടീരത്തിന്റെ ചുറ്റമുള്ള 62 ഏക്കര്‍ സ്ഥലത്ത് വികസന, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കാല്‍കാജി, ജെയ്‌ലര്‍വാല ബാഗ്, കഠ്പുത്‌ലി എന്നീ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യം ഘട്ടം പൂര്‍ത്തിയാക്കും.

രോഹിണി സെക്ടര്‍ 34, സിര്‍സാപുര്‍ എന്നിവിടങ്ങളില്‍ ഡിഡിഎയ്ക്കു കീഴില്‍ നിര്‍മിച്ച 794 എല്‍ഐജി ഫ്‌ലാറ്റുകള്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്കു (സിഐഎസ്എഫ്) കൈമാറാന്‍ ഡിഡിഎ ഉന്നതതല യോഗം തീരുമാനിച്ചു. ഡിഡിഎയുടെ കൈമാറ്റ വ്യവസ്ഥ ഓണ്‍ലൈന്‍ മുഖേന കൂടുതല്‍ സുതാര്യവും ലളിതവുമാക്കും. അറ്റസ്റ്റേഷനു പകരം, 10 രൂപ സ്റ്റാംപില്‍ നല്‍കുന്ന സ്വയം പ്രഖ്യാപിത രേഖകളാകും വിവിധ നടപടികള്‍ക്കു സ്വീകരിക്കുന്നത്