400 രൂപയ്ക്ക് എട്ടു മണിക്കൂര്‍ ബോട്ട് യാത്ര; അഷ്ടമുടി,കായംകുളം, വേമ്പനാട് കായലുകള്‍ താണ്ടാം
കുട്ടനാടന്‍ വിജയഗാഥ അഷ്ടമുടിയിലേക്കും; കാണാം കണ്‍കുളിര്‍ക്കെ അഷ്ടമുടി സൗന്ദര്യം
വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒന്നിച്ചു സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുകളുടെ വിജയം ഉള്‍ക്കൊണ്ട് സീ അഷ്ടമുടിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്..
കൊല്ലത്തെ വിനോദയാത്രക്കാര്ക്കു വേണ്ടിയാണ് പുത്തന്‍ സംരംഭം.അഷ്ടമുടിക്കായലിന്റെ സൗന്ദര്യം കാട്ടിതരാനുള്ള ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും.
കുട്ടനാടന്‍ ഗാഥ
ആലപ്പുഴ മുതല്‍ കൈനകരി വരെയാണ് സര്‍വീസ്.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം.90 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ താഴത്തെനിലയില്‍ യാത്രക്കാര്‍ക്കും മുകള്‍ നിലയില്‍ വിനോദസഞ്ചാരികള്‍ക്കുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് 15 രുപയും വിനോദസഞ്ചാരികള്‍ക്കു 80 രൂപയുമാണ് ചാര്‍ജ്.രാവിലെ ഏഴു മുതല്‍ രാത്രി 9.15 വരെ ഏഴു സര്‍വീസുകളാണ് നടത്തുന്നത്.കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങള്‍ അടുത്തറിയാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
കായലില്‍ നിന്ന് പണംവാരി ജലഗതാഗത വകുപ്പ്
കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് വിജയപ്പരപ്പിലാണ്.. ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള കാലയളവില്‍ 60 ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വീസില്‍ നിന്നും ലഭിച്ചത്.ആലപ്പുഴയില്‍ നിന്നു കൊല്ലത്തേക്കും,തിരിച്ചും രാവിലെ 10.30ന് യാത്ര ആരംഭിക്കും.8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉല്ലാസയാത്ര വേമ്പനാട്ടു കായല്‍,അഷ്ടമുടി കായല്‍,കായംകുളം കായല്‍ എന്നീ ജലപാതകളിലൂടെ സഞ്ചരിച്ച് പ്രകൃതിസൗന്ദര്യത്തിന്റെ വലിയലോകം യാത്രക്കാര്‍ക്കു മുന്നില്‍ തുറക്കുന്നു.കുറഞ്ഞ നിരക്കില്‍ കായല്‍ യാത്ര ആസ്വദിക്കാനുള്ള സൗകര്യമാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഒരാള്‍ക്കു 400 രുപയാണ് ചാര്‍ജ്. ആലപ്പുഴയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നതെങ്കില്‍ പള്ളാത്തുരുത്തി,തോട്ടപ്പള്ളി,കരുമാടിക്കുട്ടന് സ്മാരകം,തൃക്കുന്നപ്പുഴ കയര്‍ വില്ലെജ്,കായംകുളം കായല്‍,അമൃതപുരി,അഷ്ടമുടിക്കായല്‍ വഴിയാണ് സര്‍വീസ്.ഇതിനിടെ പള്ളാത്തുരുത്തി, തോട്ടപ്പള്ളി ,തൃക്കുന്നപ്പുഴ,ആയിരംതെങ്ങ്,അമൃതപുരി എന്നിവിടങ്ങളില്‍ മാത്രമാണ് നിര്‍ത്തുക.വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയിലെത്തും. തൃക്കുന്നപ്പുഴയില്‍ ഉച്ചഭക്ഷണം കഴിക്കാം. തോട്ടപ്പള്ളിയില്‍ വിശ്രമം.
ഹൗസ് ബോട്ട് യാത്രകള്‍ക്കു പതിനായിരങ്ങള്‍ ചിലവാകുന്ന സ്ഥാനത്താണ് ജലഗതാഗത വകുപ്പ് തുച്ചമായ തുകയ്ക്കു കായല്‍ സവാരി സാധ്യമാക്കുന്നത്.നാലുപേരടങ്ങുന്ന ഒരു കുടുംബത്തിനു 8 മണിക്കൂര്‍ കായല്‍ സവാരിക്കു ചിലവാകുന്നത് കേവലം 1600 രൂപയാണ്. ഓഫ് സീസണായ ജൂണ്‍,ജുലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ആലപ്പുഴ-കൊല്ലം സര്‍വീസ് സടത്തില്ല.മറ്റെല്ലാ ദിവസങ്ങളിലും മുടങ്ങാതെ ഓടുന്ന ട്രിപ്പു തേടി വിദേശികളും സ്വദേശികളുമായ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.90 യാത്രക്കാര്‍ക്കു കയറാവുന്ന ഇരുനിലബോട്ടില് താഴെ 60സീറ്റും,മുകളില്‍ 30 സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്.