India

താജിനെ ചൊല്ലി തര്‍ക്കം;ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീം കോടതി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി ബര്‍ജി നല്‍കിയത്.

ഈ ഹര്‍ജിക്ക് മേലുള്ള വാദം നടക്കുന്നതിനിടെയാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ബോര്‍ഡിനോട് സുപ്രീം കോടതി പറഞ്ഞത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകനായ വി.ഗിരിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. എന്നാല്‍ ഷാജാഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലാണെന്നും അതു കൊണ്ട് തന്നെ ചക്രവര്‍ത്തിയുടെ ഒപ്പുള്ള രേഖകള്‍ ഇത് തെളിയുക്കുന്നതിനായി ആവശ്യമില്ലെന്ന് വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന നേതാവ് സഫര്‍യാബ് ജിലാനി പറഞ്ഞു.