അപകട വിവരം പോലീസിനെ അറിയിക്കുന്ന സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റ്
ദുബൈ നിരത്തില്‍ അപകടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ അപകടമുണ്ടായാല്‍ ഉടന്‍ രക്ഷസംവിധാനമൊരുക്കാനും സ്മാര്‍ട്ട് നടപടികളുമായി റോഡ് ഗതാഗത അതോററ്റി (ആര്‍.ടി.എ ).ലോകത്ത് ആദ്യമായിട്ടായിരിക്കും സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ അവതരിപ്പിക്കുന്നത്. അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ഉടന്‍ സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ പൊലീസിനും, ആംബുലന്‍സ് സേവന കേന്ദ്രങ്ങളിലേക്ക് സന്ദേശം എത്തിക്കും.
വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനിലാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചത്. ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോ ചിപ്പുമാണ് ഈ ഡിജിറ്റല്‍ പ്ലേറ്റിലുണ്ടാവുക.
നമ്പര്‍ പ്ലേറ്റുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ വാഹനത്തെയും ഡ്രൈവറേയും നിരീക്ഷിക്കാനും ആവശ്യാനുസരണം നിര്‍ദേശം നല്‍കാനും സാധിക്കും. ഈ നമ്പര്‍ പ്ലേറ്റുകളിലൂടെ ഫീസും ഫൈനും അടയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയം പോലും ലാഭിക്കാന്‍ കഴിയുമെന്ന് ആര്‍. ടി. എ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി പറഞ്ഞു.
മെയ് മാസം മുതല്‍ ഈ വര്‍ഷം അവസാനം വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന നമ്പര്‍ പ്ലേറ്റുകള്‍ എല്ലാ വിധ പോരായ്മകളും പരിഹരിച്ച് അടുത്ത വര്‍ഷം മുതല്‍ സമ്പൂര്‍ണമായി നടപ്പാക്കാനാണ് ആലോചനയെന്നറിയുന്നു.