മൈസൂരു- ആലപ്പുഴ സ്വപ്നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന് ഏറെ താല്പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
വനത്തിലൂടെ തുരങ്കപാതയാണെങ്കില്‍ സര്‍വേയ്ക്ക് കര്‍ണാടക അനുകൂലമാണെന്നും അതിനായി അപേക്ഷിക്കാനുമുള്ള കര്‍ണാടക വനംവകുപ്പിന്റെ ആവശ്യത്തിന് കേരളം മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഈ പാതയ്ക്ക് കര്‍ണാടക എതിരാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ നിലപാട് മന്ത്രി മാറ്റണമെന്നാണ് ആവശ്യം.ബെംഗളൂരുവിലും മൈസൂരുവിലുമായി ആയിരക്കണക്കിന് മലയാളികളാണുള്ളത്. പലരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മന്ത്രിയുടെ മണ്ഡലമായ ആലപ്പുഴയില്‍ നിന്നുള്ള ഒട്ടേറെ കച്ചവടക്കാര്‍ മൈസൂരുവിലുണ്ട്. നിലവില്‍ അവര്‍ ആലപ്പുഴയെത്താന്‍ ബെംഗളൂരുവില്‍ ചെന്ന് സേലം, കോയമ്പത്തൂര്‍, തൃശൂര്‍ വഴി കറങ്ങേണ്ടിവരുന്നു. ഏതാണ്ട് ഒന്നര ദിവസത്തെ യാത്ര വേണം.
എന്നാല്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ഥ്യമായാല്‍ മൈസൂരുവില്‍ നിന്ന് ആലപ്പുഴയിലേക്ക് ഏഴു മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ഈ വിഷയത്തില്‍ കേരളത്തിനു വേണ്ടി മന്ത്രി ജി. സുധാകരന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായാല്‍ കര്‍ണാടക സര്‍വേയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പാതയ്ക്കായി പ്രയത്നിക്കുന്ന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറയുന്നു.